മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമയായാണ് ഒരുങ്ങുന്നത്.
ചിത്രത്തില്‍ തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം മേനോനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ കഥ പറയാനായി ഡിനോ ഡെന്നിസ് തന്റെയടുത്ത് വന്നതിനെ പറ്റി സംസാരിക്കുകയാണ് മമ്മൂട്ടി.
മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്.
‘ബസൂക്കയുടെ കഥ പറയണമെന്ന് പറഞ്ഞ് കല്ലൂര്‍ ഡെന്നീസിന്റെ മകന്‍ എന്റെ പിറകെ നടക്കുകയായിരുന്നു. കുറേ നാളായിട്ട് ഇവന്‍ എന്റെ പിറകെ നടന്നു.
അവസാനം നിനക്ക് വേറെ പണിയില്ലേ, അച്ഛന്‍ എഴുതി എന്ന് പറഞ്ഞ് നിനക്കെന്താ ക്വാളിറ്റിയെന്ന് ഞാന്‍ ചോദിച്ചു. ‘അല്ല, എന്റെ ഒരു കഥ കേള്‍ക്കണം’ എന്ന് അവന്‍ പറഞ്ഞു. ഒടുവില്‍ കഥയിങ്ങനെ കേട്ടു. കഥ ഓക്കെയാണ് ചെയ്യാമെന്നുള്ള ലൈനായി.
പല നിര്‍മാതാക്കളോടും അന്വേഷിച്ച് നടന്നു. സംവിധായകനില്ല അപ്പോള്‍. ഈ കഥ പറഞ്ഞിട്ട് വേണല്ലോ ഡയറക്ടറെ തീരുമാനിക്കാന്‍. ഞാന്‍ അന്ന് അവനോട് പറഞ്ഞത്, ഈ കഥ നിന്നോളം നന്നായി ആര്‍ക്കും പറയാന്‍ പറ്റില്ല, നീ തന്നെ ഡയറക്ട് ചെയ്യെന്നാണ്.
അവന് അതിനെ പറ്റി ഒരു മുന്‍പരിചയവുമില്ല. ഇനി ബാക്കി നിങ്ങള്‍ കാണുമ്പോള്‍ തീരുമാനിച്ചാല്‍ മതി (ചിരി). പക്ഷെ അവന് ഓരോ ഫ്രെയിമും കാണാപാഠമാണ്. ഓരോ സീനും, ഓരോ ഷോട്ടുമൊക്കെ കൃത്യമാണ്,’ മമ്മൂട്ടി പറഞ്ഞു.
നേരത്തെ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെ വന്ന സെക്കന്‍ഡ് ലുക്കും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘കാപ്പ’യുടെ വന്‍ വിജയത്തിന് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബസൂക്ക’.
Content Highlight: Mammootty Talks About Bazooka Movie And Deeno Dennis