|

ഫഹദിന്റെ സ്റ്റൈലാണ് ആവേശം; എന്റെ ആ കഥാപാത്രങ്ങള്‍ അവന്‍ റഫറന്‍സിന് വെച്ചുവെന്നത് ശരിയാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റീ ഇന്‍ട്രോഡ്യൂസിങ് ഫഫാ എന്ന ടാഗ് ലൈനോടെ ഈ വര്‍ഷം ഇറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രംഗ എന്ന ഗാങ്സ്റ്ററായിട്ടായിരുന്നു താരം എത്തിയത്.

ആവേശത്തില്‍ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. ചിത്രം തിയേറ്ററിലെത്തിയ സമയത്ത് തന്നെ ഫഹദിന്റെ രംഗണ്ണനെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആളുകള്‍ മുന്നോട്ട് വന്നിരുന്നു. അഞ്ചു ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നിന്ന് അമ്പത് കോടി നേടാന്‍ രംഗണ്ണന് സാധിച്ചിരുന്നു.

രാജമാണിക്യം, ചട്ടമ്പിനാട് എന്നീ മമ്മൂട്ടി ചിത്രങ്ങളായിരുന്നു താന്‍ രംഗക്ക് റഫറന്‍സിനായി എടുത്തതെന്ന് ഫഹദ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ ആവേശം കണ്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മമ്മൂട്ടി.

ആവേശം വളരെ നന്നായിട്ടുണ്ടെന്നും ഫഹദിന്റെ സ്റ്റൈലാണ് ആ സിനിമയെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. തന്നെ ഒരു റഫറന്‍സിന് വെച്ചുവെന്നതൊക്കെ ശരിയാണെങ്കിലും ഫഹദിന്റേത്ഒരു ഇന്‍ഡിവിജുവല്‍ പെര്‍ഫോമന്‍സാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്തായാലും വളരെ നന്നായിട്ടുണ്ട്. ഫഹദിന്റെ സ്റ്റൈലാണ് ആ സിനിമ. പറയുന്നതൊക്കെ ഒരു കേര്‍ട്ടസിയാണല്ലോ. നമ്മളെ ഒരു റഫറന്‍സിന് വെച്ചു എന്നതൊക്കെ ഓക്കെയാണ്. ഇത് ഒരു ഇന്‍ഡിവിജുവല്‍ പെര്‍ഫോമന്‍സാണ്,’ മമ്മൂട്ടി പറഞ്ഞു.

താരത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ഇത്. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രം കൂടെയാണ് ടര്‍ബോ.

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

Content Highlight: Mammootty Talks About Aavesham And Fahadh Faasil