മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയിട്ടുള്ള ചിത്രത്തിന്റെ മേക്കിങ്ങും താരങ്ങളുടെ പ്രകടനവുമെല്ലാം പ്രേക്ഷകപ്രീതി നേടുന്നുണ്ട്.
ഷൂട്ടിങ്ങിനിടെ ചില ഷോട്ടുകള്‍ ചെയ്യുമ്പോള്‍ സംതൃപ്തി വരാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി. ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ക്രിസ്റ്റഫര്‍ എന്ന സിനിമയിലെ ഒരു സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്.
ബിഗ് ബിയിലെ ബിലാല്‍ ഇമോഷണലാകുന്ന രംഗങ്ങളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ബിഗ് ബിയിലെ ബിലാല്‍ എങ്ങനെ കരയും എന്ന ചോദ്യത്തിന്, ബാലയുടെ കഥാപാത്രത്തിന്റെ പുറത്തടിക്കുന്ന സീന്‍ ഞങ്ങളെല്ലാവരും റീവൈന്‍ഡ് ചെയ്തു. ബിലാല്‍ എങ്ങനെ കരയും എന്ന് മമ്മൂക്ക നേരത്തെ ആലോചിച്ചിരുന്നോ, എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘അതൊക്കെ ആ ഷോട്ടിലാണ്. അല്ലാതെ അതൊന്നും നടക്കുന്ന കാര്യങ്ങളല്ല.
അത് നമുക്ക് പ്ലാന്‍ ചെയ്യാന്‍ പറ്റുന്നതല്ല. ആ സമയത്ത് എന്ത് തോന്നുന്നുവോ അത് ചെയ്യും. നമ്മുടെ മനസില്‍ എന്തോ ഒന്നുണ്ട്. അത് പക്ഷേ ചിലപ്പോള്‍ വരില്ല. ചിലപ്പോള്‍ ഫസ്റ്റ് ടേക്കില്‍ തന്നെ വരും.
ഉണ്ണിയുടെ (ബി. ഉണ്ണിക്കൃഷ്ണന്‍) ക്രിസ്റ്റഫര്‍ എന്ന പടത്തിലെ ഒരു ഷോട്ടുണ്ട്. അമലാ പോളിനോട് പറയുന്ന ഡയലോഗാണ്.
ആ ഷോട്ട് ഓക്കെയാണ്. പക്ഷെ അത് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ടേക്കായിട്ടും ഞാന്‍ ആ ഷോട്ടില്‍ ഓക്കെയായിരുന്നില്ല, ഐ ആം നോട്ട് ഓക്കെ വിത്ത് ദാറ്റ് ഷോട്ട്.
എന്തോ ഒന്ന് ഇനിയും വരാനുണ്ട് എന്ന രീതിയില്‍ പിന്നെയും ആ ഷോട്ട് എടുത്തുകൊണ്ടിരുന്നു.
പക്ഷെ അന്ന് പിന്നെ പാക്ക് ചെയ്ത്, പിറ്റേ ദിവസത്തെ ഫസ്റ്റ് ടേക്ക് അത് എടുത്തപ്പൊ തന്നെ ഓക്കെയായി.
അങ്ങനെയാണ്, നമ്മള്‍ എന്തോ ഒന്ന് മനസില്‍ വിചാരിച്ചിട്ടുണ്ട്, പക്ഷെ അത് നമുക്ക് കിട്ടുന്നില്ല. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്,” മമ്മൂട്ടി പറഞ്ഞു.
സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ക്രിസ്റ്റഫറില്‍ മമ്മൂട്ടിയുടെ നായികമാരായെത്തുന്നത്.
അതേസമയം, ജഗദീഷ്, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, സീനത്ത്, സഞ്ജു ശിവ്‌റാം എന്നിവരാണ് റോഷാക്കില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Content Highlight: Mammootty talks about a scene from the movie Christopher with Amala Paul