പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മമ്മൂട്ടിയുടെ ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഇത്.
ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി.
ടർബോ ഒരു കോമഡി സിനിമയല്ലെന്നും എന്നാൽ ചിത്രത്തിൽ ചെറിയ തമാശകൾ ഉണ്ടെന്നും മമ്മൂട്ടി പറയുന്നു. ടർബോ ജോസ് എന്ന കഥാപാത്രം സീരിയസ് പ്രശ്നങ്ങളിൽ പെടുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്നും അതുകൊണ്ട് തന്നെ തമാശ പറയാൻ ആ കഥാപാത്രത്തിന് നേരമുണ്ടാവില്ലെന്നും മമ്മൂട്ടി ചിത്രത്തിന്റെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
‘തമാശ സിനിമായാണെന്ന് പറയാൻ കഴിയില്ല. കാരണം ഹ്യൂമർ അവിടെയും ഇവിടെയും ഒക്കെ വന്ന് പോവുന്നുണ്ട്. കാരണം അതിനൊന്നും നേരമില്ല ഈ സിനിമയിൽ. തമാശ പറഞ്ഞതല്ല.
മനുഷ്യന്റെ തലയിൽ തീ പിടിച്ച് ഇരിക്കുമ്പോൾ തമാശ പറയാൻ നേരമുണ്ടാവില്ല. അങ്ങനെയാണ് കഥാപാത്രത്തിന്റെ അവസ്ഥ. ജോസിന്റെ എടുത്ത് ചാട്ടം കൊണ്ടാണ് സിനിമയിലെ പ്രശ്നങ്ങളൊക്കെ നടക്കുന്നത്. അതാണ് കഥാപാത്രത്തിന്റെ അവസ്ഥ.
നമുക്കൊക്കെ പറ്റിയിട്ടുണ്ടാവില്ലേ. അങ്ങനെ അത് തലയിൽ നിന്ന് പോവാതെ ആവുകയും അവിടെയും പിടിച്ച് ഇവിടെയും പിടിച്ച് ജോസിനെ ഒരു വഴിക്കാക്കുന്നതാണ് ഈ സിനിമയുടെ കഥ. ജോസ് നാട്ടിൻപുറത്തെ ഒരു സാധാരണക്കാരനാണ്.
ടുറിസ്റ്റുകളെ കൊണ്ട് നടക്കുന്ന ഒരാൾ. അതൊന്നും സിനിമയിൽ കാണിക്കുന്നില്ല. അയാൾ ജോസിനെക്കാൾ നൂറിരട്ടി ശക്തരായ വില്ലൻമാരുടെ മുന്നിൽ എത്തിയാൽ എങ്ങനെയുണ്ടാവും അതാണ് ഈ സിനിമയുടെ കഥ,’മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty Talk About Turbo Movie