Entertainment
അദ്ദേഹം ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ എനിക്ക് ഉപാധികളോ വ്യവസ്ഥകളോ ഇല്ല: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 14, 09:13 am
Monday, 14th October 2024, 2:43 pm

ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ്. എഴുപതിന്റെ നിറവിലും തന്റെ കഥാപാത്രങ്ങളിലൂടെ യുവ നടന്മാരെവരെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്ത ഒരു വടക്കൻ വീരഗാഥ ഉൾപ്പെടെ നിരവധി സിനിമകളിൽ ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ടുണ്ട്. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഈയിടെ ഇറങ്ങിയ മനോരഥങ്ങൾ എന്ന വെബ് സീരീസിലും മമ്മൂട്ടി ഭാഗമായിരുന്നു.

എം.ടി. വാസുദേവൻ നായർ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞാൽ തനിക്ക് ഒരു ഉപാധികളോ വ്യവസ്ഥകളോയില്ലെന്ന് മമ്മൂട്ടി പറയുന്നു. താൻ അദ്ദേഹത്തിന്റെ ആരാധകനാണെന്നും അഭിനയ മോഹം ആദ്യമായി വന്നപ്പോൾ എം.ടിയുടെ കഥകളിലെ കഥാപാത്രങ്ങളെയായിരുന്നു താൻ കണ്ണാടിക്ക് മുന്നിൽ അഭിനയിക്കാൻ ശ്രമിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈലിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എം.ടി. ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ എനിക്ക് മറ്റ് ഉപാധികളോ വ്യവസ്ഥകളോ ഇല്ല. നിരുപാധികം അംഗീകരിക്കുക മാത്രം. അദ്ദേഹം എനിക്ക് ഗുരുതുല്യനും ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനുമാണ്. എന്റെ സിനിമാപ്രവേശത്തിന് മുമ്പ് കണ്ണാടിക്കുമുന്നിൽ നിന്ന് അഭിനയിച്ച് പരിശീലിച്ചതിലധികവും അദ്ദേഹത്തിൻ്റെ നോവലിലേയും കഥകളിലേയും കഥാപാത്രങ്ങളായിരുന്നു.

വളരെക്കാലം എൻ്റെ സംസാരശൈലിയിൽ പോലും ഇത്തരം കഥാപാത്രങ്ങളുടെ ഭാഷാശൈലിയുടെ സ്വാധീനമുണ്ടായിരുന്നു. ജീവിതത്തോടുള്ള സമരമാണ് ചന്തുവിനെ മികച്ച യോദ്ധാവാക്കിതീർത്തത് എന്ന് തോന്നിയിട്ടുണ്ട്. ആയോധനകലകളുടെ വലിയ പ്രയോഗങ്ങൾ ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു. ജീവിതത്തിൽ ഞാൻ കളരി പഠിച്ചിട്ടില്ല, സിനിമയ്ക്കുവേണ്ടിയും ശ്രമിച്ചിട്ടില്ല.

അത്യന്തികമായി അഭിനയിക്കുകയാണ ല്ലോ. അത്തരമൊരു തിരിച്ചറിവിലാണ് മുന്നോട്ടുപോയത്. ഓരോ ചലനങ്ങളും ഇടപെടലുകളുമെല്ലാം നിരീക്ഷിച്ച് അഭിനയിച്ചുകാണിക്കുകയായിരുന്നു. കളരിയുടെ ചുവടും താളവും നിയമവുമെല്ലാം മനസ്സിലാക്കി. നടനെന്ന നിലയിൽ അവയെല്ലാം നിരീക്ഷിച്ച് അഭിനയത്തിലേക്ക് കുട്ടിച്ചേർക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി അന്ന് ചിലരെല്ലാം കളരി അഭ്യസിച്ചിരുന്നു. കളരി ഗുരുക്കൻമാർക്ക് പുറമെ സ്റ്റണ്ട് മാസ്റ്ററും ദൃശ്യങ്ങളുടെ മികവിനായി അണിനിരന്നു,’മമ്മൂട്ടി പറയുന്നു.

 

Content Highlight: Mammootty Talk About m.t.vasudevan Nair