കുറച്ച് പേരെ കേൾക്കും കുറച്ച് പേരെ നിരാശപ്പെടുത്തേണ്ടി വരും, എല്ലാത്തിനും ഒരു പരിധിയില്ലേ: മമ്മൂട്ടി
Entertainment
കുറച്ച് പേരെ കേൾക്കും കുറച്ച് പേരെ നിരാശപ്പെടുത്തേണ്ടി വരും, എല്ലാത്തിനും ഒരു പരിധിയില്ലേ: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd November 2023, 10:18 am

മലയാള സിനിമയിലേക്ക് നിരവധി സംവിധായകരെ കൈപിടിച്ചുയർത്തിയ നടനാണ് മമ്മൂട്ടി. ഇന്ന് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അമൽ നീരദ്, അൻവർ റഷീദ്, മാർട്ടിൻ പ്രകാട്ട് തുടങ്ങി നിരവധി സംവിധായകരുടെയും ആദ്യ സിനിമ മമ്മൂക്കയോടൊപ്പമായിരുന്നു.


എന്നും പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യുന്ന മമ്മൂട്ടി പുതിയ കഥകൾ കേൾക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

ഒരു പുതിയ കഥ കേൾക്കുമ്പോൾ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. കഥ നല്ലതാണെങ്കിലും അയാൾക്ക് അത് ചെയ്ത് ഫലിപ്പിക്കാൻ പറ്റുമോ എന്നും അറിയണമെന്നും എല്ലാവരുടെയും കഥ കേൾക്കാനുള്ള സമയമുണ്ടാവില്ലെന്നും മമ്മൂട്ടി പറയുന്നു. പുതിയ ചിത്രം കാതൽ ദി കോറിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാൾ കഥ പറയാൻ വരുന്നതിനു മുൻപ് തന്നെ, ഒരുത്തൻ പുറപ്പെട്ടിട്ടുണ്ട് അവന്റെ കഥ സൂപ്പർ ആയിരിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. അത് കേൾക്കുകയും അവർ ചെയ്യാൻ ഉദ്ദേശിക്കുന്ന രീതിയും എല്ലാം അറിഞ്ഞാലേ നമുക്ക് കഥയെടുക്കാൻ പറ്റുള്ളൂ.

അല്ലാതെ കഥയും കൊണ്ട് ഒരാൾ ഓടി വന്നാൽ അല്ലെങ്കിൽ കഥ ഒരാൾ അയച്ചുതന്നാൽ നമ്മൾ എങ്ങനെ അതിനെ ജഡ്ജ് ചെയ്യും. കഥ നല്ലതാണെങ്കിലും അയാൾക്ക് എടുക്കാൻ അറിയുമോ എന്നും മനസ്സിലാവണ്ടേ. ഇതൊക്കെ ഒത്താൽ ഒത്തു. ഇതുവരെ ഒത്തിട്ടുണ്ട്.

കഥയ്‌ക്ക് വേണ്ടിയുള്ള സിറ്റിങ്സെല്ലാം കഥ അനുസരിച്ചിരിക്കും. ചില കഥകൾ ആദ്യം കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും. സംശയങ്ങളൊക്കെ ഉണ്ടെങ്കിൽ അത് ചോദിച്ച് നമുക്ക് മാറ്റാൻ സാധിക്കും.

ഒരു വർഷം എത്ര സിനിമകൾ നമുക്ക് ചെയ്യാൻ കഴിയും. എല്ലാത്തിനും ഒരു പരിധിയില്ലേ. അത്രയും കഥകൾ നമുക്ക് കേൾക്കാനുള്ള സമയമുണ്ടാവില്ല. നമ്മൾ എടുത്ത് ചെയ്യുന്ന സിനിമകളെല്ലാം നല്ലതുമാവില്ല. അപ്പോൾ കുറച്ചൊക്കെ നമ്മൾ ചൂസ് ചെയ്യും. കുറച്ചു പേരെ കേൾക്കും കുറച്ച് പേരെ നിരാശപ്പെടുത്തേണ്ടി വരും.

എല്ലാവരെയും നമുക്ക് കേൾക്കാൻ പറ്റില്ലല്ലോ. ചിലത് കേട്ടാലും തൃപ്തികരമാവണമെന്നില്ല. കൊണ്ട് വരുന്നവർക്കെല്ലാം അവരുടെ കഥ മഹത്വമായിരിക്കും. അവർക്ക് സിനിമ എടുക്കാൻ ഉള്ള പരിചയം കൂടി വേണം അല്ലെങ്കിൽ നമ്മൾ പെട്ടുപോകും,’മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty Talk About His Story Selctions For Film