മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം സിനിമയിൽ എത്തുന്നതിന് മുമ്പ് ഒരു അഭിഭാഷകനായിരുന്നു. എന്നാൽ സിനിമയിലേക്ക് എത്താനുള്ള ഒരാൾ എങ്ങനെയാണെങ്കിലും എത്തിച്ചേരുമെന്നാണ് മമ്മൂട്ടി പറയുന്നത്.
നടൻ ജഗദീഷ് പണ്ട് കോളേജ് അധ്യാപകൻ ആയിരുന്നപ്പോൾ ആളുകൾക്ക് വലിയ ബഹുമാനം ആയിരുന്നുവെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.
പണ്ട് ചെറിയ കുട്ടികൾ തന്റെ പേര് വിളിക്കുമ്പോൾ അവരോട് തിരിച്ച് ചോദിക്കാൻ തോന്നുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ അങ്ങനെ വിളിക്കുന്നതാണ് ഇഷ്ട്ടമെന്നും മമ്മൂട്ടി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിലേക്ക് വരേണ്ട ആള് എങ്ങനെയാണെങ്കിലും എവിടെ നിന്ന് വേണമെങ്കിലും സിനിമയിലേക്ക് ചാടും. ജഗദീഷ് കോളേജിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ആളാണ്. ആളുകൾക്ക് നല്ല ബഹുമാനവും, സ്നേഹവുമൊക്കെ ഉണ്ടായിരുന്ന ആളാണ്. ഇപ്പോൾ കാക്ക തൂറിയെന്ന് പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്.
ഞാനും മാന്യമായ ഒരു തൊഴിൽ ഉണ്ടായിരുന്ന ആളാണ്. അത്യാവശ്യം ആളുകൾ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കുകയും ഗുഡ് മോണിങ് പറയുകയുമെല്ലാം ചെയ്യുമായിരുന്നു. ഇപ്പോൾ ഒരു നാല് വയസായ പിള്ളേര് പോലും പേരാണ് വിളിക്കുന്നത്. മമ്മൂട്ടിയെന്നാണ് വിളിക്കുന്നത്.
പണ്ടൊക്കെ പിള്ളേര് മമ്മൂട്ടിയെന്ന് വിളിക്കുമ്പോൾ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എന്ന് തിരിച്ച് ചോദിക്കാൻ എനിക്ക് തോന്നുമായിരുന്നു. പക്ഷെ ഇപ്പോൾ പിള്ളേരോട് ചോദിക്കാൻ എനിക്ക് നാണമാണ്, എനിക്ക് അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന്. അതുകൊണ്ട് ഞാൻ അവരുടെ കൂടെയുള്ള ഒരാളായി മാറി. ഇപ്പോൾ എന്നെ അവർ പേര് വിളിക്കുന്നതാണ് എനിക്കിഷ്ടം,’മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty Talk About his Child Fans