| Friday, 20th January 2023, 3:54 pm

അവിടുത്തെ ചില കാര്യങ്ങള്‍ മമ്മൂക്കക്ക് ഇഷ്ടമായില്ല, അവസാനം ഞാന്‍ തന്നെ സംസാരിക്കേണ്ടി വന്നു: കെ.ആര്‍. പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ ആന്തോളജി സിനിമയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കഡുഗണ്ണാവ ഒരു യാത്രകുറുപ്പി’ന്റെ ഷൂട്ട് നടന്നത് ശ്രീലങ്കയില്‍ വെച്ചായിരുന്നു. സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് നടത്തിയ യാത്രയില്‍ അദ്ദേഹത്തോടൊപ്പം മാതൃഭൂമി ജനറല്‍ മാനേജറായ കെ.ആര്‍.പ്രമോദും പോയിരുന്നു. പിന്നീട് ആ യാത്രയുടെ വിവരണങ്ങള്‍ ഗൃഹലക്ഷ്മിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു. അതില്‍ മമ്മൂട്ടിയുടെ ഭക്ഷണ ശീലത്തെ കുറിച്ചും മറ്റ് ചില സംഭവങ്ങളും പ്രമോദ് വിവരിക്കുന്നുണ്ട്.

മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ക്രാബാണെന്നും എന്നാല്‍ ശ്രീലങ്കയില്‍ ക്രാബ് വിഭവം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നും പ്രമോദ് പറഞ്ഞു. അത്തരത്തില്‍ അവിടെ നിന്നും കഴിച്ച പല ഭക്ഷണവും മമ്മൂട്ടിക്ക് ഇഷ്ടമായില്ലെന്നും അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും താന്‍ വായിച്ചെടുത്തെന്നും പ്രമോദ് തന്റെ എഴുത്തിലൂടെ പറയുന്നുണ്ട്. അതിനെ കുറിച്ച് അവിടുത്തെ കേറ്ററിങ് ടീമിനോട് താന്‍ സംസാരിച്ചെന്നും യാത്രാവിവരണത്തില്‍ പ്രമോദ് കുറിച്ചു.

‘ക്രാബ് മമ്മൂക്കക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ശ്രീലങ്കയിലെ റെസ്‌റ്റോറന്റിലാണെങ്കില്‍ നിരവധി ക്രാബ് വിഭവങ്ങളുമുണ്ട്. മുനിദാസ് ഞങ്ങള്‍ക്ക് ഓരോന്നായി പരിചയപ്പെടുത്തി. അതിലൊരു ക്രാബ് ഓര്‍ഡര്‍ ചെയ്തു. വലിയ ക്രാബായിരുന്നു അവര്‍ കൊണ്ടുവന്നത്. കൂടെ ഗാര്‍ളിക് റൈസും ബ്രഡുമായിരുന്നു കൊണ്ടുവന്നത്. ക്രാബിന്റെ തോട് കളയാന്‍ ക്രാക്കറും മറ്റ് ചെറിയ ഉപകരണങ്ങളുമുണ്ട്.

അതില്‍ പലതും ഞാന്‍ കണ്ടിട്ട് പോലുമില്ല. അദ്ദേഹം ഓരോന്നായി എനിക്ക് പരിചയപ്പെടുത്തി തന്നു. കൊച്ചിയിലെ വീട്ടില്‍ ഇതിലും നല്ല ക്രാക്കറുണ്ടെന്ന് പറഞ്ഞ് മമ്മൂക്ക തന്നെ എനിക്ക് വിളമ്പി തന്നു. എരിവ് കുറഞ്ഞ് അല്‍പം മധുരം തോന്നിപ്പിക്കുന്നതായിരുന്നു ക്രാബുകള്‍. മമ്മൂക്കക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും എനിക്ക് മനസിലായിരുന്നു,’ പ്രമോദ് പറഞ്ഞു.

‘രണ്ടാമത്തെ ദിവസവും ഭക്ഷണം കഴിക്കാനായി പോയിരുന്നു. മമ്മൂക്ക ബ്രേക്ക്ഫാസ്റ്റായി ഓര്‍ഡര്‍ ചെയ്തത് ഹോപ്പറായിരുന്നു. നമ്മുടെ വെള്ളയപ്പത്തിന്റെ അകത്ത് കോഴിമുട്ട വെക്കുന്ന സ്‌റ്റൈല്‍. ഒപ്പം അവിടുത്തെ ബുഫേയില്‍ നിരത്തിയിരിക്കുന്ന വിഭവങ്ങളും രുചിച്ചു. ഈ ഭക്ഷണം അത്ര പിടിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.

അന്ന് ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ഞാന്‍ കാറ്ററിങ് ടീമുമായി സംസാരിച്ചു. അവര്‍ക്ക് മമ്മൂക്കയുടെ രുചികളെ കുറിച്ച് പറഞ്ഞുകൊടുത്തു. ഉച്ചക്ക് വിവിധ തരം മീന്‍കറികള്‍ അവര്‍ തയ്യാറാക്കി. ബ്രൗണ്‍ റൈസ് വരെ ഉണ്ടാക്കി കൊടുത്തു. മസാലയുടെ വ്യത്യാസം കൊണ്ടാണോയെന്ന് അറിയില്ല നമ്മുടെ രുചിക്കൊപ്പമെത്താന്‍ അതിന് സാധിച്ചില്ല,’ പ്രമോദ് യാത്രാവിവരണത്തില്‍ കുറിച്ചു.

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ സിനിമ ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്. തിയേറ്ററിലെത്തുന്നതിന് മുമ്പ് സിനിമ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

content highlight: mammootty sreelankan trip for movie shooting

We use cookies to give you the best possible experience. Learn more