| Friday, 20th January 2023, 12:17 pm

ആ സിനിമ ഷൂട്ട് ചെയ്തത് മമ്മൂക്കയുടെ ഫോണിലായിരുന്നു, ക്യാമറാമാന് പലതും പറഞ്ഞുകൊടുത്തതും അദ്ദേഹമായിരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ ആന്തോളജി സിനിമയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കഡുഗണ്ണാവ ഒരു യാത്രകുറുപ്പി’ല്‍ അഭിനയിക്കാന്‍ മമ്മൂട്ടി ശ്രീലങ്കയില്‍ പോയതിന്റെ വിശേഷങ്ങള്‍ ഗൃഹലക്ഷ്മിയിലൂടെ പങ്കുവെക്കുകയാണ് മാതൃഭൂമി ജനറല്‍ മാനേജര്‍ കെ.ആര്‍ പ്രമോദ്. ആ യാത്രയില്‍ ഉടനീളം പ്രമോദും മമ്മൂട്ടിയോടൊപ്പം പങ്കുചേര്‍ന്നിരുന്നു.

സിനിമ ഷൂട്ട് ചെയ്യേണ്ടത് വിമാനത്തിലായിരുന്നെന്നും അതുകൊണ്ട് തന്നെ വലിയ ക്യാമറകള്‍ ഒന്നും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആ സാഹചര്യത്തില്‍ മമ്മൂട്ടിയുടെ ഫോണിലാണ് ആ സീനുകള്‍ ഷൂട്ട് ചെയ്തതെന്നുമാണ് പ്രമോദ് തന്റെ എഴുത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘വിമാനത്തിനുള്ളില്‍ വലിയ ക്യാമറകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇതിനുള്ള ആപ്ലിക്കേഷന്‍ മമ്മൂക്കയുടെ മൊബൈലിലായിരുന്നു പര്‍ച്ചേഴ്‌സ് ചെയ്തത്. ടെക്‌നോളജിലും അത് അപ്‌ഡേറ്റ് ചെയ്യുന്നതിലും മമ്മൂക്ക എത്രത്തോളം മുന്നില്‍ നില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു പിന്നീട്.

ആപ്ലിക്കേഷന്‍ കിട്ടിയതോടെ ഒരു ടെക്കിയെ പോലെ മമ്മൂക്ക എല്ലാം പഠിച്ചെടുത്തു. യാത്രയുടെ തലേദിവസം മമ്മൂക്ക ക്യാമറമാന്‍ സുജിത് വാസുദേവനെ ഒരു സ്വകാര്യ ഹോട്ടലിലേക്ക വിളിച്ചു. ലൈറ്റിങ്ങും മറ്റ് ടെക്‌നിക്കല്‍ വശങ്ങളും സുജിത്തിന് പറഞ്ഞുകൊടുത്തു. സുജിത് അതെല്ലാം ഒരു വിദ്യാര്‍ത്ഥിയെ പോലെ കേട്ടിരുന്നു. പേഴ്‌സണല്‍ ഫോണായത് കൊണ്ട് സുജിത്തിന് ഫോണ്‍ കൊടുത്തുവിടാനാവില്ല. അങ്ങനെ സുജിത് പഠിച്ചുവെന്ന് ഉറപ്പ് വരുത്തി. ട്രയല്‍ ഷൂട്ടും നടത്തിയതിന് ശേഷമായിരുന്നു അന്നത്തെ മടക്കം,’ പ്രമോദ് യാത്രകുറിപ്പില്‍ എഴുതി.

അതേസമയം വിമാനത്തിലെ ഷൂട്ടിനിടയില്‍ സംഭവിച്ച പല കാര്യങ്ങളും യാത്രാവിവരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷൂട്ട് മുമ്പോട്ട് പോകുന്നതിനിടയില്‍, വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഷൂട്ട് പൂര്‍ത്തിയാകുമോ എന്ന ആശങ്കയുണ്ടായെന്നും അപ്പോള്‍ മമ്മൂട്ടി തമാശ രൂപേണ ഒരു മറുപടി പറഞ്ഞെന്നും പ്രമോദ് പറഞ്ഞു. ആകാശത്തിലൂടെ പത്ത് മിനിട്ട് കൂടി പറക്കാന്‍ പൈലറ്റിനോട് പറ എന്നും പറഞ്ഞിരുന്നു.

ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ സിനിമ ജനുവരി 19നാണ് റിലീസ് ചെയ്തത്. തിയേറ്ററിലെത്തുന്നതിന് മുമ്പ് സിനിമ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

CONTENT HIGHLIGHT: MAMMOOTTY SREELANKAN TRIP

We use cookies to give you the best possible experience. Learn more