| Sunday, 20th August 2023, 10:07 pm

'എല്ലാവരും രാജാവിന്റെ മഹത്വം പറഞ്ഞപ്പോള്‍ മമ്മൂക്ക വന്ന് ജനാധിപത്യം എന്താണെന്ന് പറഞ്ഞു'; ചര്‍ച്ചയായി പ്രസംഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൃപ്പൂണിത്തുറയില്‍ അത്ത ചമയ ഘോഷയാത്രയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. വേദിയില്‍ സംസാരിച്ച എല്ലാവരും തന്നെ രാജാവിന്റെ മഹത്വം പറഞ്ഞപ്പോള്‍ മമ്മൂട്ടി
ജനാധിപത്യം എന്താണെന്ന് പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും മനസ്സുകൊണ്ടും സ്‌നേഹംകൊണ്ടും നമുക്ക് ഒരേപോലെയാകാമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

രാജാക്കന്മാര്‍ സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തു നില്‍ക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു പണ്ടെന്നും, എന്നാല്‍ രാജഭരണം പോയി ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്‍ എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

ഇതാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്ക് കയ്യടികള്‍ വാങ്ങി കൊടുക്കുന്നത്. സംസാരിച്ച മറ്റെല്ലാവരും തന്നെ രാജാക്കന്മാരെയും രാജ ഭരണത്തിന്റെയും ഹാങ് ഓവറില്‍ നിന്നപ്പോള്‍ മമ്മൂട്ടി സിമ്പിളായി ജനാധിപത്യം എന്താണെന്ന് പറഞ്ഞു പോയി എന്നാണ് നിരവധി പേര്‍ പറയുന്നത്.

പ്രജകളാണ് സര്‍വാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ ഈ ആഘോഷം പൂര്‍ണമായും ജനങ്ങളുടേതാണെന്നും മമ്മൂട്ടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

മമ്മൂട്ടി അത്ത ചമയ ഘോഷയാത്രയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

‘അത്തച്ചമയമായിരുന്നു പണ്ടൊക്കെ എന്ന് കേട്ടിട്ടുണ്ട്. അതായത്, രാജാക്കന്മാര്‍ സര്‍വാഭരണ വിഭൂഷിതരായി തെരുവോരങ്ങളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തു നില്‍ക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു. രാജഭരണം പോയി, ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്‍. നമ്മള്‍ പ്രജകളാണ് സര്‍വാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനാധിപത്യ കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ ഈ ആഘോഷം പൂര്‍ണമായും ജനങ്ങളുടേതാണ്. നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ ആഘോഷമായിട്ടാണ് ഇപ്പോള്‍ അത്തച്ചമയം ആഘോഷിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.

‘ഞാന്‍ ചെമ്പിലുള്ളയാളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുന്‍പ് ഈ അത്താഘോഷത്തില്‍ ഒക്കെ വായിനോക്കി നിന്നിട്ടുണ്ട്. എനിക്ക് അന്നും അത്താഘോഷത്തില്‍ പുതുമയുണ്ട്, അത്ഭുതം. ഇന്നും ആ അത്ഭുതം വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്‍പ്പത്തിന്റെയോ ഏത് വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ സംബന്ധിച്ചിടത്തോളം ഒരാഘോഷമാണ്,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ആഘോഷം ഒരു വലിയ സാഹിത്യ, സം?ഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മമ്മൂട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Content Highlight: Mammootty speech at tripunithura athachamayam stage is dicussion on social media
We use cookies to give you the best possible experience. Learn more