സിനിമ സംവിധാനം ചെയ്യണം എന്നുണ്ടെങ്കില്‍ എന്തെങ്കിലും കാര്യം പറയാന്‍ ഉണ്ടാവണം, എനിക്കതില്ല; വിജയം മുന്‍കൂട്ടികണ്ട് സിനിമ ചെയ്യാറില്ലെന്നും മമ്മൂട്ടി
Mollywood
സിനിമ സംവിധാനം ചെയ്യണം എന്നുണ്ടെങ്കില്‍ എന്തെങ്കിലും കാര്യം പറയാന്‍ ഉണ്ടാവണം, എനിക്കതില്ല; വിജയം മുന്‍കൂട്ടികണ്ട് സിനിമ ചെയ്യാറില്ലെന്നും മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd June 2019, 1:15 pm

സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് നടന്‍ മമ്മൂട്ടി. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അത് വേണ്ടെന്നു വെച്ചതാണെന്നും മമ്മൂട്ടി പറഞ്ഞു.

‘ഇവിടെ നല്ല സംവിധായകരുണ്ട്. നമ്മുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ പോരെ എന്തിനു വെറുതെ.. എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണം എന്നുണ്ടെങ്കില്‍ എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടാവണം എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍, അങ്ങനെ ഒന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല’-മമ്മൂട്ടി പറഞ്ഞു.

സിനിമ വിജയിക്കുമെന്ന് മുന്‍കൂട്ടികണ്ട് സിനിമ ചെയ്യാറില്ലെന്നും കഥ ഇഷ്ടപ്പെട്ടാല്‍ സിനിമ ചെയ്യുമെന്നും മമ്മൂട്ടി പറഞ്ഞു.

‘സിനിമയെ കുറിച്ച് ഒരു ജഡ്ജ്‌മെന്റും ഉണ്ടാവാറില്ല. അത് നൂറുദിവസം ഓടുമോ എന്നൊന്നും നോക്കാറില്ല. നമുക്ക് ഇഷ്ടപ്പെടുന്നത് കഥയാണ്. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടമാവോ എന്ന് വിചാരിച്ചാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല.

ഫൈനല്‍ പ്രോഡക്റ്റ് ആണ് പ്രേഷകന്‍ കാണുന്നത്. അവര്‍ക്ക് ഇഷ്ടമാവുമോ ഇല്ലയോ എന്ന് അപ്പോഴാണ് അവര്‍ തീരുമാനിക്കുന്നത്. നമ്മുക്ക് ഇഷ്ടമാവുന്നത് ആദ്യമാണ്. കുറേ കഥകള്‍ കേള്‍ക്കുന്നതും സിനിമയുടെ എണ്ണം കൂടുന്നതുമൊക്കെ സിനിമയോടുള്ള ആര്‍ത്തി കൊണ്ടാണെ’ന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് സിനിമക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ അവസാനത്തെ സിനിമ. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഉണ്ട നിര്‍മ്മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, ലുക്മാന്‍ ലുക്കു എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.