ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമായി ലോക സംഗീതത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍കുകയാണ് എം.എം കീരവാണി. ഇന്ത്യന്‍ സംഗീതത്തിനെ വാനോളം ഉയര്‍ത്തിയാണ് ആര്‍.ആര്‍.ആറിലെ പാട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നില്‍ ആദരിക്കപ്പെട്ടത്. കീരവാണി എന്ന സംഗീതജ്ഞന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മലയാളവും അദ്ദേഹവും ഒന്നിച്ചപ്പോളെല്ലാം പിറന്നത് എക്കാലത്തെയും മികച്ച ക്ലാസിക്കുകളായിരുന്നു. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കാണ് കീരവാണി സംഗീതം നല്‍കിയിട്ടുള്ളത്.
മലയാള ഗാന രംഗത്തേക്കുള്ള തന്റെ വരവും, മലയാളത്തോടുള്ള തന്റെ സ്‌നേഹവും തുറന്നു പറയുന്ന അദ്ദേഹത്തിന്റെ ഒരു പഴയ ഇന്റര്‍വ്യൂ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മാതൃഭൂമിക്ക് നല്‍കിയ പഴയ അഭിമുഖത്തിലാണ് മലയാളം പാട്ടുകളോടുള്ള തന്റെ ഇഷ്ടത്തെ പറ്റി അദ്ദേഹം പറഞ്ഞത്.
‘എനിക്ക് ആദ്യമായി മലയാളത്തില്‍ ഒരവസരം ലഭിക്കുന്നത് ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ്. ആ സമയത്ത് മമ്മൂട്ടി സാറിന് എന്റെ സംഗീതം ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും എന്നെ റെക്കമെന്റ് ചെയ്യാന്‍ തുടങ്ങി. അദ്ദേഹം എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ തെലുങ്കിലും മറ്റ് ഭാഷകളിലും തിരക്കിലായിരുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും ചെയ്യാന്‍ പറ്റിയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ ദേവരാഗത്തിലെയും സൂര്യമാനസത്തിലേയുമാണ്,’ കീരവാണി പറഞ്ഞു.
അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവര്‍ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ദേവരാഗം. പ്രേക്ഷകര്‍ ഇന്നും ഒരുപാടിഷ്ടപ്പെടുന്ന ഒരു ചിത്രമാണിത്. ചിത്രത്തില്‍ ‘ശിശിരകാല മേഘമിഥുന’, ‘ശശികല ചാര്‍ത്തിയ’, ‘യയയ യാ യാദവ’ തുടങ്ങിയ ഗാനങ്ങളാണ് കീരവാണിയുടെ ഈണത്തില്‍ പിറന്നത്.
1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നീലഗിരി. ഐ.വി ശശിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടി, സുനിത, മധുബാല, എം ജി സോമന്‍, അഞ്ജു ശ്രീവിദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ കീരവാണി ഈണമിട്ട ‘കിളി പാടും ഏതോ’, ‘തുമ്പി നിന്‍ മോഹം’ തുടങ്ങിയ പാട്ടുകള്‍ ഇന്നും ആളുകള്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന ഗാനങ്ങളാണ്.
പുട്ടുറുമീസായെത്തി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ചിത്രമാണ് സൂര്യമാനസം. വിജി തമ്പിയുടെ സംവിധാനത്തില്‍ 1992ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ ‘തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം’ എന്ന ഗാനത്തിന് ഈണമിട്ടതും ഈ അതുല്യ പ്രതിഭയാണ്.
ഇന്ത്യയിലേക്ക് ഇത് രണ്ടാം തവണയാണ് ഗോള്‍ഡന്‍ ഗ്ലോബെത്തുന്നത്. 2008-ല്‍ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനത്തിന് എ.ആര്‍. റഹ്‌മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.
Content Highlight: Mammootty sir’s sooryamanasam movie song I like more than Baahubali, says mm keeravani