ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമായി ലോക സംഗീതത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍കുകയാണ് എം.എം കീരവാണി. ഇന്ത്യന്‍ സംഗീതത്തിനെ വാനോളം ഉയര്‍ത്തിയാണ് ആര്‍.ആര്‍.ആറിലെ പാട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നില്‍ ആദരിക്കപ്പെട്ടത്. കീരവാണി എന്ന സംഗീതജ്ഞന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മലയാളവും അദ്ദേഹവും ഒന്നിച്ചപ്പോളെല്ലാം പിറന്നത് എക്കാലത്തെയും മികച്ച ക്ലാസിക്കുകളായിരുന്നു. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കാണ് കീരവാണി സംഗീതം നല്‍കിയിട്ടുള്ളത്.
മലയാള ഗാന രംഗത്തേക്കുള്ള തന്റെ വരവും, മലയാളത്തോടുള്ള തന്റെ സ്‌നേഹവും തുറന്നു പറയുന്ന അദ്ദേഹത്തിന്റെ ഒരു പഴയ ഇന്റര്‍വ്യൂ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മാതൃഭൂമിക്ക് നല്‍കിയ പഴയ അഭിമുഖത്തിലാണ് മലയാളം പാട്ടുകളോടുള്ള തന്റെ ഇഷ്ടത്തെ പറ്റി അദ്ദേഹം പറഞ്ഞത്.
‘എനിക്ക് ആദ്യമായി മലയാളത്തില്‍ ഒരവസരം ലഭിക്കുന്നത് ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ്. ആ സമയത്ത് മമ്മൂട്ടി സാറിന് എന്റെ സംഗീതം ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും എന്നെ റെക്കമെന്റ് ചെയ്യാന്‍ തുടങ്ങി. അദ്ദേഹം എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ തെലുങ്കിലും മറ്റ് ഭാഷകളിലും തിരക്കിലായിരുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും ചെയ്യാന്‍ പറ്റിയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ ദേവരാഗത്തിലെയും സൂര്യമാനസത്തിലേയുമാണ്,’ കീരവാണി പറഞ്ഞു.