| Tuesday, 24th May 2022, 2:11 pm

മമ്മൂട്ടി സാര്‍ എന്നെ വിളിക്കുന്നത് പാര എന്നാണ്, അതാണ് മോഹന്‍ലാലിനെ കൊണ്ട് ആ സിനിമയില്‍ വിളിപ്പിച്ചത്: സന്തോഷ് ശിവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ചും അദ്ദേഹം തന്നെ വിളിക്കുന്ന ഒരു പേരിനെ കുറിച്ചും പറയുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍.

മമ്മൂട്ടി തന്നെ വിളിക്കുന്ന ആ പേരാണ് യോദ്ധ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ജഗതിയെ വിളിക്കുന്നതെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളപതി എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള ചില സംഭവത്തെ കുറിച്ചും സന്തോഷ് ശിവന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി- രജനികാന്ത് കൂട്ടുകെട്ടില്‍ വന്ന ദളപതി. മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയിലെ ഇരുവരുടെയും പ്രകടനം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

സൂര്യയായി രജനികാന്തും ദേവയായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ദളപതി. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദളപതിക്ക് മുന്‍പ് തന്നെ നിരവധി തമിഴ് സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് .

എന്നാല്‍ വലിയൊരു കാന്‍വാസില്‍ മമ്മൂട്ടി ആദ്യമായി ചെയ്ത തമിഴ് സിനിമ ദളപതിയാണ്. ഇളയരാജ ഒരുക്കിയ ദളപതിയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.

‘എന്നെ മമ്മൂട്ടി സാര്‍ പാര എന്നാണ് വിളിക്കാറ്. തിരുവനന്തപുരത്തുള്ള പാര എന്നാണ് എന്നെക്കൊണ്ട് പറയുക. ആ വിളി എനിക്ക് വലിയ ഇഷ്ടമായിരുന്നു. സംഗതി വേറെ ഒന്നുമല്ല. ഞാന്‍ ദളപതി സിനിമ ചെയ്യുന്ന സമയം. രണ്ട് പേര്‍ ഒന്നിച്ച് ഇരിക്കുന്ന ഒരു ഫ്രേമാണ് വെക്കുന്നതെങ്കില്‍ പുള്ളി ഒരു സ്റ്റെപ്പ് മേലെ കയറി ഇരിക്കും.

അപ്പോള്‍ ഞാന്‍ പറയും താഴെ ഇരിക്കണം എന്നാലെ ഫ്രേം ചെയ്യാന്‍ പറ്റൂ എന്നൊക്കെ. അങ്ങനെ ചില സംഭവങ്ങളൊക്കെയുണ്ട്. കളിക്ക് പറയുന്നതാണ് പാര എന്ന്. ആ വാക്ക് എനിക്ക് ഇഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും ആ വാക്ക് ലാലിനെ കൊണ്ട് പറയിപ്പിക്കണമെന്ന് തോന്നി.
യോദ്ധയില്‍ മോഹന്‍ലാല്‍ ജഗതിയെ കൊണ്ട് പാര എന്ന് പറയുന്ന സീന് അങ്ങനെ വന്നതാണ്.

പാര എന്ന് കേള്‍ക്കുമ്പോള്‍ ഇതൊക്കെയാണ് എനിക്ക് ഓര്‍മവരുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ഇന്‍സിഡന്റ്‌സ് ഉണ്ട്. യോദ്ധയുടെ ഷൂട്ടിങ് സമയത്ത് ഞാനും ലാല്‍ സാറും കൂടെ എവിടെയെങ്കിലും ഭക്ഷണം കഴിക്കാന്‍ പോകും. രണ്ട് പേരുടെ കയ്യിലും കാശുണ്ടാകില്ല.

അവിടെ ഇരുന്ന് മോമോസൊക്കെ കഴിച്ച ശേഷം ഞാന്‍ ചോദിക്കും അണ്ണാ കാശില്ലേ എന്ന്. കാശില്ല എന്ന് പറയും. പക്ഷേ അദ്ദേഹം കൂളായിരിക്കും. നമുക്ക് ഇവിടെ ഇരിക്കാം അവര്‍ ആരെങ്കിലും വന്ന് നമ്മളെ കണ്ടുപിടിക്കുമെന്ന് പറയും. അതുപോലെ തന്നെ സംഭവിക്കും. ഞങ്ങളെ കാണാതാവുമ്പോള്‍ അവര്‍ വന്ന് കണ്ടുപിടിക്കും. ഇതൊരു പതിവായിരുന്നു, അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറഞ്ഞു.

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ജാക്ക് ആന്റ് ജില്‍ ആണ്. മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Content Highlight: Mammootty sir calls me PARA says Santhosh Sivan

We use cookies to give you the best possible experience. Learn more