മലയാളികളുടെ പ്രിയതാരം ശോഭന സി.ബി.ഐ 5 ദി ബ്രെയിനിന്റെ സെറ്റിലെത്തിയതിന്റെ വീഡിയോ പങ്കുവെച്ച് മമ്മൂട്ടി. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ശോഭന സി.ബി.ഐയുടെ ഷൂട്ടിങ്ങ് സെറ്റിലെത്തിയത്. ശോഭനയുടെ സന്ദര്‍ശനത്തിന്റെ ഫോട്ടോകളും ശോഭനയും മമ്മൂട്ടിയും ചേര്‍ന്നെടുത്ത സെല്‍ഫിയും അന്ന് വൈറലായിരുന്നു.
സെറ്റിലെത്തിയ ശോഭന മമ്മൂട്ടിയും സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയുമായും സംസാരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമായിരുന്നു ശോഭന മടങ്ങിയത്.
അതിന്റെ എഡിറ്റഡ് വീഡിയോ ആണ് ഇപ്പോള്‍ മമ്മൂട്ടി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച കമല്‍ ചിത്രം മഴയെത്തും മുമ്പേയിലെ ‘എന്തിന് വേറൊരു സൂര്യോദയം’ എന്ന പാട്ടിന്റെ മ്യൂസിക്കോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
‘വെന്‍ നാഗവല്ലി മെറ്റ് സേതുരാമയ്യര്‍’ എന്നാണ് മമ്മൂട്ടി വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലെ കഥാപാത്രത്തിന്റെ പേരാണ് സേതുരാമയ്യര്‍. ശോഭനയുടെ കള്‍ട്ട് ക്ലാസിക് ചിത്രം മണിചിത്രത്താഴിലെ കഥാപാത്രമാണ് നാഗവല്ലി.
സൗബിന്‍ ഷാഹിര്‍ അടക്കമുള്ള താരങ്ങള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
View this post on Instagram
അതേസമയം, എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടിലൊരുങ്ങുന്ന സി.ബി.ഐ സീക്വലിലെ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഭീഷ്മ പര്‍വ്വത്തിന് ശേഷം തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ പോകുന്ന സിനിമയായിരിക്കും സി.ബി.ഐ 5 ദി ബ്രെയിന്‍ എന്നാണ് മമ്മൂക്ക ആരാധകരുടെ പ്രതീക്ഷ.
ഏപ്രില്‍ അവസാന വാരമാണ് സിനിമ റിലീസ് ചെയ്യുന്നത്.
മമ്മൂട്ടിയെക്കൂടാതെ ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും സി.ബി.ഐ 5 ദി ബ്രെയിനിനുണ്ട്.
മുകേഷ്, സായികുമാര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5ന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Content Highlight: Mammootty shares video of Shobhana visiting CBI 5 set