എല്ലാത്തിനും കാരണം റോബി.... അവന്റെ വാക്ക് കേട്ട് ഓരോരുത്തര്‍ വന്ന് കഷ്ടപ്പെടുത്തുവാണ്, അടുത്തത് ആരാണാവോ: മമ്മൂട്ടി
Entertainment
എല്ലാത്തിനും കാരണം റോബി.... അവന്റെ വാക്ക് കേട്ട് ഓരോരുത്തര്‍ വന്ന് കഷ്ടപ്പെടുത്തുവാണ്, അടുത്തത് ആരാണാവോ: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th February 2024, 5:06 pm

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്ന സിനിമ ഈ വര്‍ഷം സിനിമപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.

കൊച്ചിയില്‍ കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ സിനിമകളുടെ സക്‌സസ് സെലിബ്രേഷന്‍ ചടങ്ങിലാണ് ടര്‍ബോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. പൊലീസ് സ്റ്റേഷനില്‍ മറ്റ് ജയില്‍പുള്ളികളോടൊപ്പം മമ്മൂട്ടിയും ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ റിലീസ് ചെയ്ത ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ചിത്രത്തില്‍ മമ്മൂട്ടിയെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന സംവിധായകന്റെ വാക്കുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി സംസാരിച്ചത്.

‘എല്ലാത്തിനും കാരണം റോബിയാണ്. അവന്‍ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാര്‍ഡ് വര്‍ക്കാണ്, എത്ര വേണേലും കഷ്ടപ്പെടാന്‍ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്ടപ്പെടുത്താന്‍ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

ചെറുതും വലുതുമായി 76 പരിക്ക് എനിക്ക് ഈ സിനിമയില്‍ സംഭവിച്ചു. പുറത്ത് കാണാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതും അതില്‍ ഉണ്ട്. സിനിമാഭിനയം എന്നു പറഞ്ഞാല്‍ ദുര്‍ഘടം പിടിച്ച പണിയാണെന്ന് ചില സമയം നമുക്ക് തോന്നും. രാത്രിയെന്നില്ല, പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്രയും കഷ്ടപ്പെടുന്നതിന് പൈസ കിട്ടാറില്ലേ എന്ന് ചിലര്‍ ചോദിക്കും. കഷ്ടപ്പെടേണ്ടി വരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty share the shooting experience of Turbo