|

ശക്തമായ റിഫ്‌ളക്ടേഴ്സ് കാരണം കണ്ണ് തുറക്കാന്‍ പറ്റാതെ ഞാന്‍ നിന്നപ്പോള്‍ അഭിനയിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി. മൂന്ന് പതിറ്റാണ്ടുകളിലേറെയായി സജീവമായി അഭിനയ രംഗത്തുള്ള മമ്മൂട്ടി മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ ആറ് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 15 തവണ ഫിലിംഫെയര്‍ പുരസ്‌കാരവുംഅദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മമ്മൂട്ടി. പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞുള്ള അവധിക്കാലത്താണ് താന്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ ചെയ്യുന്നതെന്നും സംവിധായകന്റെ അടുത്ത് അവസരത്തിനായി അപേക്ഷിച്ചാണ് അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമ റിലീസ് ചെയ്തതോടെ എന്റെ ഗ്രാമത്തില്‍ ഞാനൊരു സ്റ്റാര്‍ ആയി –  മമ്മൂട്ടി

കൊമേഡിയനൊപ്പം ഓടുന്ന രംഗമായിരുന്നു അതെന്നും ശക്തമായ റിഫ്‌ളക്ടേഴ്സ് കാരണം തനിക്ക് കണ്ണ് തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. അത് കണ്ട് സംവിധായകന്‍ തന്നോട് അഭിനയിക്കരുതെന്ന് പറഞ്ഞെന്നും സിനിമ റിലീസ് ചെയ്തതോടെ തന്റെ ഗ്രാമത്തില്‍ താനൊരു സ്റ്റാറായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞുള്ള അവധിക്കാലത്താണ് അത് ചെയ്യുന്നത്. സിനിമയോടുള്ള അഭിനിവേശം മൂത്ത് ഞാന്‍ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു. അന്നുള്ള അതിപ്രശസ്തനായ സംവിധായകന്‍ സംവിധായകന്‍ സേതുമാധവന്റെ അടുത്ത് ഞാന്‍ പോയി.

അദ്ദേഹത്തിന്റെ അടുത്തു ചെന്ന് സാര്‍, ഒരു അവസരം എന്ന് അപേക്ഷിച്ചു. അദ്ദേഹം ഓകെ പറഞ്ഞു. വളരെ പോപ്പുലറായ ഒരു കൊമേഡിയനൊപ്പം ഓടുന്ന രംഗമായിരുന്നു. ആ സമയത്ത് പോലും ഞാന്‍ അഭിനയിക്കാന്‍ ശ്രമിച്ചു. അദ്ദേഹം പറഞ്ഞു, ‘അഭിനയിക്കരുത്’ എന്ന്. പൊരിവെയിലിലാണ് ഷൂട്ടിങ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു. ശക്തമായ റിഫ്‌ളക്ടേഴ്സ് കാരണം എനിക്ക് കണ്ണ് തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

ഞാന്‍ ഇതാ ഇങ്ങനെയായിരുന്നു (മുഖം ചുളിച്ച്, അഭിനയിച്ചു കാണിക്കുന്നു). അദ്ദേഹം വിചാരിച്ചത് ഞാന്‍ അഭിനയിക്കുകയാണെന്നായിരുന്നു. സിനിമ റിലീസ് ചെയ്തതോടെ എന്റെ ഗ്രാമത്തില്‍ ഞാനൊരു സ്റ്റാര്‍ ആയി,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty Share his first movie experience