പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് മമ്മൂട്ടിയുടെ ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രമാണ് ഇത്.
ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ടര്‍ബോയുടെ തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ഇപ്പോള്‍ മമ്മൂട്ടി കമ്പനിക്ക് നല്‍കിയ അഭിമുഖത്തില്‍ ടര്‍ബോ എന്ന ചിത്രത്തിന് ആ പേരിടാന്‍ കാരണം എന്താണെന്നും അതിന് വണ്ടിയുമായുള്ള ബന്ധം എന്താണെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് മമ്മൂട്ടി.
‘ടര്‍ബോ എന്ന് പേരിടാന്‍ കാരണം ജോസിന്റെ എടുത്തു ചാട്ടമാണ്. എന്തെങ്കിലും പറഞ്ഞാല്‍ ജോസ് ടര്‍ബോ ഓണാക്കും. പക്ഷേ പുള്ളിയൊരു നാടന്‍ ചട്ടമ്പി പോലുമല്ല. ഒരു തെമ്മാടിയും വഴക്കാളിയുമല്ല. എന്നാലും ഇതിന്റെയൊക്കെ ഒരു എലമെന്റ് ജോസിലുണ്ട്.
വഴക്കാളിയല്ല, അടിപിടിക്കാരനല്ല, തല്ലുപിടുത്തമില്ല, ഗുണ്ടയല്ല, റൗഡിയല്ല. ഇതൊന്നുമല്ല ജോസ്. അയാള്‍ ഒരു ഡ്രൈവറാണ്. പള്ളിപ്പറമ്പിലും അങ്ങാടിയിലുമൊക്കെയുള്ള അടി മാത്രമേയുള്ളൂ. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വന്‍ അടിയാണ്. അവിടെയാണ് അയാള്‍ പതറിപോകുന്നത്,’ മമ്മൂട്ടി പറഞ്ഞു.
മെയ് 23നാണ് ടര്‍ബോ തിയേറ്ററില്‍ എത്തുന്നത്. മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന മാസ് മസാല എന്റര്‍ടൈനര്‍ എന്ന നിലയില്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ടര്‍ബോ ജോസ് ഒരു മാസ് ഹീറോയല്ലെന്നാണ് മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നത്.
‘ഈ കഥയില്‍ രണ്ട് ആളുകളുടെ എക്സ്പീരിയന്‍സുണ്ട്. ഒന്ന് റിയലാണ്. അത് നടന്നതാണ്. ഇനി നടന്നേക്കാവുന്നതാണ്, പിന്നെ നടന്നുകൊണ്ടിരിക്കുന്നതാണ്. പലരും അറിയുന്നില്ലെന്നേ ഉള്ളൂ. ഈ കഥ ശരിക്കും ജോസിന് പറ്റുന്ന കൈയബദ്ധമാണ്.
ജോസ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒരു മാസ് ഹീറോയല്ല. അയാള്‍ ഒരു നിഷ്‌കളങ്കനാണ്. ഇന്നസെന്റ് പോലുമല്ല, വെറും നിഷ്‌കളങ്കനാണ്. എല്ലാം വിശ്വസിച്ച് എല്ലാത്തിനും ചാടിയിറങ്ങുന്ന ആളാണ്. ഒരു പാവത്താനാണ്.
സിനിമയില്‍ ആ ജോസിന് പറ്റുന്ന ഒരു ചെറിയ അബദ്ധമുണ്ട്. അത് ശരിക്കും നമ്മുടെ സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഇയാളുടെ (മിഥുന്‍ മാനുവല്‍ തോമസ്) സുഹൃത്തിന് പറ്റിയ അബദ്ധമാണ്. റിയല്‍ ലൈഫില്‍ സംഭവിച്ച ഒന്നുരണ്ട് കാര്യങ്ങള്‍ കണക്റ്റ് ചെയ്തതാണ് ഇത്. സ്റ്റണ്ടും ഫൈറ്റുമൊന്നും ജീവിതത്തില്‍ ഇത്രയും നടന്നിട്ടില്ല. പിന്നെ കുറച്ചൊക്കെ നമ്മള്‍ സിനിമക്ക് വേണ്ടി മരുന്ന് ചേര്‍ക്കുമല്ലോ,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty Says What Is The Reason For Naming His Film Turbo