| Sunday, 19th May 2024, 9:09 pm

ടര്‍ബോ; സന്തോഷവും പേടിയുമുണ്ട്, ഡയറക്ടര്‍ ഇപ്പോഴും ഉറങ്ങിയിട്ടില്ല; ഇനിയിപ്പോള്‍ വരുന്നത് പോലെ വരട്ടെ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രം കൂടെയാണ് ടര്‍ബോ. മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ഇപ്പോള്‍ ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് മമ്മൂട്ടി. ഇതൊരു മാസ് സിനിമയാണെന്ന് ഇപ്പോഴും തങ്ങള്‍ക്ക് ഒരു ബോധ്യം വന്നിട്ടില്ലെന്നാണ് താരം പറയുന്നത്. ആര്‍ക്കൊക്കെ ടര്‍ബോ ഇഷ്ടപ്പെടുമെന്നും ഇഷ്ടപ്പെടില്ലെന്നും ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

‘മാസ് സിനിമയാണെന്ന് നമുക്ക് ഇപ്പോഴും ഒരു ബോധ്യമായിട്ടില്ല. സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു സിനിമയാണ്, പക്ഷെ മാസ് രംഗങ്ങളൊക്കെയുണ്ട്. ടര്‍ബോ ഒരു മാസ് സിനിമയാണോ എന്ന് ചോദിച്ചാല്‍ ഒന്നും പറയാന്‍ കഴിയില്ല.

മാസിനും ക്ലാസിനും അത് രണ്ടുമല്ലാത്ത ആളുകള്‍ക്കും സാധാരണക്കാര്‍ക്കും പാമരനും പണ്ഡിതനുമൊക്കെ കാണാന്‍ കഴിയുന്ന സിനിമയായിട്ടാണ് ഞങ്ങള്‍ ഈ പടം ഒരുക്കിയിരിക്കുന്നത്. ആര്‍ക്കൊക്കെ ഇഷ്ടപ്പെടുമെന്നും ഇഷ്ടപ്പെടില്ലെന്നും ഇപ്പോള്‍ നമുക്ക് പ്രവചിക്കാന്‍ കഴിയില്ല.

സന്തോഷവും പേടിയുമുണ്ട്. എന്തെങ്കിലും ആവട്ടെ, ഇപ്പോള്‍ പടം ഇറങ്ങാന്‍ പോകുവല്ലേ. ഇനി പറഞ്ഞിട്ട് കാര്യമില്ല. സാധനം കൈയ്യില്‍ നിന്ന് പോയി. അമ്പ് വില്ലില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഇനിയിപ്പോള്‍ വരുന്നത് പോലെ വരട്ടെയെന്ന് കരുതാനെ കഴിയുള്ളൂ.

അതുണ്ട് ഇതുണ്ട് എന്നൊക്കെ പറഞ്ഞിട്ട് അത് എവിടെയെന്ന് ചോദിച്ചാല്‍ നമ്മള്‍ ചുറ്റും. എന്നാലും എന്തെങ്കിലുമൊക്കെ ഉണ്ടാകും. നമ്മള്‍ നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളും ഒരുപോലെ കഷ്ടപ്പെട്ടു.

സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് മദ്രാസിലാണ്. രാത്രി സീനുകളൊക്കെ ഒരുപാടുണ്ടായിരുന്നു. അതുകൊണ്ട് ഉറക്കമിളക്കേണ്ടി വന്നിട്ടുണ്ട്. ഡയറക്ടര്‍ ഇപ്പോഴും ഉറങ്ങിയിട്ടില്ല, വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty Says Turbo’s Director Is Still Not Asleep

We use cookies to give you the best possible experience. Learn more