|

ഇത് മാസ് - ക്ലാസ് - ഫാമിലി ചിത്രമല്ല; ടര്‍ബോ മറ്റൊരു പുതിയ ഴോണറാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഏറ്റവും പുതിയ ചിത്രമായ ടര്‍ബോ ഒരു മാസ് പടമല്ലെന്ന് പറയുകയാണ് മമ്മൂട്ടി. ഈ സിനിമക്ക് മാസ്, ക്ലാസ് അല്ലെങ്കില്‍ ഫാമിലി എന്നൊന്നും തന്നെയില്ലെന്നാണ് താരം പറയുന്നത്. ഒരു തരംതിരിവുമില്ലാതെ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന സിനിമയാണ് ടര്‍ബോയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയാണ് ടര്‍ബോ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറെ കാലത്തിന് ശേഷം എത്തുന്ന തന്റെ ഒരു മരണമാസ് പടമാകുമോ ടര്‍ബോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ടര്‍ബോ യൂണിവേഴ്‌സലാണെന്നും വേണമെങ്കില്‍ അങ്ങനെ ഒരു ഴോണര്‍ കൂടെ ഉണ്ടാക്കേണ്ടി വരുമെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു.

‘ടര്‍ബോ മാസ് പടമല്ല. മാസ്, ക്ലാസ് അല്ലെങ്കില്‍ ഫാമിലി എന്നൊന്നും തന്നെയില്ല. ഈ സിനിമ ഒരു തരംതിരിവും ഇല്ലാതെ എല്ലാവര്‍ക്കും കാണാന്‍ കഴിയും. യൂണിവേഴ്‌സലാണ്, വേണമെങ്കില്‍ അങ്ങനെ ഒരു ഴോണര്‍ കൂടെ ഉണ്ടാക്കേണ്ടി വരും,’ മമ്മൂട്ടി പറഞ്ഞു.

സിനിമക്ക് ടര്‍ബോ എന്ന പേരിടാന്‍ കാരണം എന്താണെന്നും അതിന് വണ്ടിയുമായുള്ള ബന്ധം എന്താണെന്നുമുള്ള ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി.

‘ടര്‍ബോ എന്ന് പേരിടാന്‍ കാരണം ജോസിന്റെ എടുത്തു ചാട്ടമാണ്. എന്തെങ്കിലും പറഞ്ഞാല്‍ ജോസ് ടര്‍ബോ ഓണാക്കും. പക്ഷേ പുള്ളിയൊരു നാടന്‍ ചട്ടമ്പി പോലുമല്ല. ഒരു തെമ്മാടിയും വഴക്കാളിയുമല്ല. എന്നാലും ഇതിന്റെയൊക്കെ ഒരു എലമെന്റ് ജോസിലുണ്ട്.

വഴക്കാളിയല്ല, അടിപിടിക്കാരനല്ല, തല്ലുപിടുത്തമില്ല, ഗുണ്ടയല്ല, റൗഡിയല്ല. ഇതൊന്നുമല്ല ജോസ്. അയാള്‍ ഒരു ഡ്രൈവറാണ്. പള്ളിപ്പറമ്പിലും അങ്ങാടിയിലുമൊക്കെയുള്ള അടി മാത്രമേയുള്ളൂ. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വന്‍ അടിയാണ്. അവിടെയാണ് അയാള്‍ പതറിപോകുന്നത്,’ മമ്മൂട്ടി പറഞ്ഞു.


Content Highlight: Mammootty Says Turbo Is Not A Mass Movie And It’s Universal Movie