ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങളുടെ ആശയങ്ങളും സങ്കല്‍പങ്ങളും ഒന്നാണ്; കേരളീയത്തില്‍ മമ്മൂട്ടി
Keraleeyam 2023
ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങളുടെ ആശയങ്ങളും സങ്കല്‍പങ്ങളും ഒന്നാണ്; കേരളീയത്തില്‍ മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2023, 12:34 pm

കേരളീയരെന്ന ചിന്ത ഉയര്‍ത്തി പിടിക്കണമെന്ന് മമ്മൂട്ടി. കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നേരത്തെ ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. ലോകസാഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

‘എഴുതി തയാറാക്കിയ ഒരു പ്രസംഗം എന്റെ കയ്യിലില്ല. എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നേരത്തെ ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്തെങ്കിലും പറ്റിപോയാല്‍ കുടുക്കരുത്. എന്റെ അടുത്തിരുന്നത് സ്പീക്കറാണ്. അദ്ദേഹത്തിന് വാക്ക് പിഴച്ചാല്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യാം. നമ്മുടേത് അങ്ങനെയല്ല. പിഴച്ചാല്‍ പിഴച്ചത് തന്നെ.

കേരളീയം കേരളീയരുടെ മാത്രം വികാരല്ല. ലോകസാഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നമ്മള്‍ ലോകത്തിന് തന്നെ മാതൃകയാണ്. സ്‌നേഹത്തിനും സൗഹാര്‍ദത്തിനും ഏറ്റവും വലിയ മാതൃക കേരളമായി തീരട്ടെ.

രാഷ്ട്രീയം, മതം, ജാതി, ചിന്ത, പ്രാര്‍ത്ഥന എല്ലാം വേറെ വേറെയാണ്. പക്ഷേ നമുക്കെല്ലാവര്‍ക്കുമുണ്ടാകുന്ന വികാരം നാം കേരളീയരാണ്, മലയാളികളാണ് എന്നതാണ്. നമ്മളില്‍ കൂടുതല്‍ പേര്‍ മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരാണ്.

ഇത് തന്നെയായിരിക്കണം ലോകത്തിന്റെ മാതൃക. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങള്‍ ഒന്നാണ്, ഞങ്ങളുടെ ആശയങ്ങളും ഞങ്ങളുടെ സങ്കല്‍പങ്ങളും ഞങ്ങളുടെ സ്വപ്‌നങ്ങളും ഒന്നാണ്. കേരളം ഒന്നായി സ്വപ്‌നം കണ്ടതാണ് ഇപ്പോള്‍ നമ്മള്‍ കണ്ട കേരളം. ഇനിയുള്ള പ്രതീക്ഷകളും സന്തോഷങ്ങളും സങ്കല്‍പങ്ങളും ഒന്നാക്കി, ലോകം ആദരിക്കുന്ന ജനതയായി കേരള ജനത മാറട്ടെ എന്നാഗ്രഹിക്കുന്നു,’ മമ്മൂട്ടി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കമല്‍ ഹാസന്‍, മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: Mammootty says to uphold the idea of ​​being a Keralite