| Monday, 20th November 2023, 12:27 pm

റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിവ്യു ചെയ്യുന്നത് നിര്‍ത്തിയതുകൊണ്ട് ഒരു സിനിമയും രക്ഷപ്പെടില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണെന്നും അവരവര്‍ പറയേണ്ടത് അവരവരുടെ അഭിപ്രായമാണെന്നും മമ്മൂട്ടി പറഞ്ഞു. കാതല്‍ ദി കോര്‍ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിവ്യൂ നിര്‍ത്തിയാല്‍ സിനിമ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. പ്രേക്ഷകര്‍ കാണാന്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. നമുക്കൊരു അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെയായിരിക്കണം. വേറെ ഒരാളുടെ അഭിപ്രായം പറഞ്ഞാല്‍ നമ്മുടെ അഭിപ്രായം പോയി,’ മമ്മൂട്ടി പറഞ്ഞു.

റിവ്യൂ ചെയ്യുന്നത് നല്ലതാണെന്നും താന്‍ റിവ്യൂകളില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാറുണ്ടെന്നുമാണ് സംവിധായകന്‍ ജിയോ ബേബി പറഞ്ഞത്.

‘എനിക്കിഷ്ടപ്പെടുന്ന സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് എനിക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്റെ ഒരു സിനിമ ഇറങ്ങി ആളുകള്‍ മോശം അഭിപ്രായം പറഞ്ഞാല്‍ അതിനെ പറ്റി ഞാന്‍ അന്വേഷിക്കാറുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ മോശമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ കുറച്ച് കൂടി നന്നാക്കാവുന്ന ഏരിയകളുണ്ട്. നല്ല റിവ്യൂവേഴ്‌സ് പറഞ്ഞിട്ടാണ് അതൊക്കെ ഞാന്‍ മനസിലാക്കിയത്. ഞാനത് ഷെയര്‍ ചെയ്തിട്ടുണ്ട്.

റിവ്യൂ ചെയ്യുന്നത് നല്ലതാണ്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിനെ പറ്റി ഭയങ്കര നെഗറ്റീവ് റിവ്യൂ വന്നിരുന്നു. അത് കണ്ട് ഞാന്‍ കുറേയൊക്കെ പഠിക്കുന്നുണ്ട്. നെഗറ്റീവ് പറയിപ്പിച്ചവരെ കൊണ്ട് നല്ലത് പറയിപ്പിക്കണമെന്ന വാശി അപ്പോള്‍ ഉണ്ടാവും. ഇതെന്റെ അഭിപ്രായമാണ്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്. ഭേദപ്പെട്ട സിനിമയെ ഭയങ്കര മോശമായി പറയുന്നത് കാണാറുണ്ട്. ഞാനത് വാല്യു ചെയ്യുന്നില്ല,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Mammootty says that no film will be saved by stopping reviews

We use cookies to give you the best possible experience. Learn more