| Wednesday, 11th May 2022, 3:28 pm

പണ്ടും കഥാപാത്രങ്ങളിൽ പുതുമ കാണിച്ചിട്ടുണ്ട്, പ്രേക്ഷകർ കാണാതെ പോകുന്നത് എന്റെ ഭാഗ്യക്കേടാണ്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനാവുന്ന പുഴുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടൻ നൽകുന്ന അഭിമുഖങ്ങളൊക്കെ ഏറെ ശ്രദ്ധിക്കപെടുന്നുണ്ട്. പുഴുവിലെ കഥാപാത്രം പുതുമയുള്ളതായി തോന്നുന്നുണ്ടെന്നും ഓരോ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുമ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്നും പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. എന്നാൽ നമ്മൾ വരുത്തുന്ന എല്ലാ പുതുമകളും കാണികൾ മനസ്സിലാക്കണമെന്നില്ലന്നും അദ്ദേഹം പറഞ്ഞു. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുഴുവിലെ എന്റെ കഥാപാത്രം ഒരു പഴയ പോലീസുകാരനാണ്. അല്ലാതെ കഥയിൽ അതിനു പ്രാധാന്യമില്ല. ഇയാളുടെ പോലീസ് കാലത്തെ ചില കാര്യത്തിന്റെ റഫറൻസ് ഉപയോഗിക്കുന്നുണ്ടന്നേയുള്ളൂ. അയാളുടെ പോലീസ് ജീവിതവും കേസന്വേഷണവുമൊന്നുമല്ല കഥ. അയാളുടെ ജീവിതത്തിന്റെ വേറെ ഭാഗങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതുമയുണ്ടെന്നൊക്കെ ഞാൻ വിശ്വസിക്കുന്ന സിനിമയാണിത്. നമ്മൾ വിശ്വസിക്കുന്ന എല്ലാ പുതുമയും കാണുന്നവർക്ക് തോന്നണമെന്നില്ല. ഇതിനുമുൻപും ഞാൻ പുതുമ വരുത്താനൊക്കെ ശ്രമിച്ചിട്ടുണ്ട്. എന്റെ എല്ലാ കഥാപാത്രങ്ങളെയും ഒരൊറ്റ ഫോട്ടോഗ്രാഫിൽ തിരിച്ചറിയാം. ഞാൻ കഥാപാത്രങ്ങളിലൊക്കെ എന്തെങ്കിലും പുതുമ കാണിച്ചിട്ടുണ്ട്. പ്രേക്ഷകർ കാണാതെ പോകുന്നത് എന്റെ ഭാഗ്യക്കേടാണ്. ചിലതൊക്കെ ആളുകൾ തിരിച്ചറിയും, ചിലതൊന്നും കാണില്ല. ഒരു ആക്ടർ ഒരു കഥാപാത്രമാവുന്നതിനു ചെയ്യുന്ന മാനസികമോ ശാരീരികമോ ആയി ചെയ്യുന്ന എല്ലാ മേക്കോവറും ശ്രദ്ധിക്കപ്പെടണമെന്നില്ല. അത് ആ കഥാപാത്രങ്ങളുമായി ഉൾചേർന്ന് പോകുന്നതാണ്. ഒരു പടത്തിലെ ഫോട്ടോഗ്രഫി നല്ലതാണ്, എഡിറ്റിംഗ് നല്ലതാണ്, സ്ക്രിപ്റ്റിംഗ് നല്ലതാണ്, എന്ന് പറയുന്നതിനപ്പുറത്തേക്ക് ഒരു സിനിമ നല്ലതാണ് എന്ന് പറയുന്നത് ഇതെല്ലാം നല്ലതാകുമ്പോഴാണ്. ഓരോന്ന് ഓരോന്ന് എടുത്ത് പറയുമ്പോൾ ഇതിൽ ഒന്ന് മോശമാകും.

അതുപോലെയാണ് കഥാപാത്രങ്ങൾ വ്യത്യസ്തമായി ചെയ്യുന്നത്. ഒട്ടും ശ്രദ്ധിക്കപെടാത്ത മാനറിസങ്ങൾ, ആ കഥാപാത്രത്തിനൊപ്പം ഉൾച്ചേർന്ന് പോകും. പക്ഷെ പ്രേക്ഷകർക്ക് മനസ്സിലാകുന്ന തരത്തിൽ നമ്മൾ എന്തെങ്കിലും ചെയ്യുന്നത് മനഃപൂർവം ചെയ്യുന്ന പോലെയാവും. ഒരു കഥാപാത്രത്തിനെ മനസ്സിലാക്കുമ്പോഴും പറഞ്ഞുകേൾക്കുമ്പോഴും നമ്മളിലേക്ക് ഒരു ഐഡിയ വരും,’ മമ്മൂട്ടി പറഞ്ഞു നിർത്തി.

മെയ് 13 നാണ് ചിത്രം റിലീസാവുന്നത്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിലെ നായിക. മമ്മൂട്ടി നെഗറ്റീവ് വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

Content Highlight: Mammootty says that he tries to bring variety in the characters

We use cookies to give you the best possible experience. Learn more