സിനിമ നന്നാവുന്നതിനും ചീത്തയാവുന്നതിനും പൂർണ്ണ ഉത്തരവാദി ഞാൻ മാത്രമല്ല: മമ്മൂട്ടി
Film News
സിനിമ നന്നാവുന്നതിനും ചീത്തയാവുന്നതിനും പൂർണ്ണ ഉത്തരവാദി ഞാൻ മാത്രമല്ല: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th September 2023, 10:01 am

സിനിമ നന്നാവുന്നതിനും ചീത്തയാവുന്നതിനും പൂർണ്ണ ഉത്തരവാദി താൻ മാത്രമല്ലെന്ന് മമ്മൂട്ടി. തന്നോട് ദേഷ്യമുള്ള ഒരുപാട് ആരാധകരുണ്ടെന്നും തന്റെ സിനിമകൾ മോശമാവുമ്പോൾ ചില ആരാധകർക്ക് ഇഷ്ട്ടം ദേഷ്യമായി മാറാറുണ്ടെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആരാധകരാണ് എല്ലാം. പല തരത്തിലുള്ള ആരാധകരുണ്ട്. ഇഷ്ട്ടം കൊണ്ട് ദേഷ്യം തോന്നുന്നവരുണ്ട്. ഭയങ്കര ഇഷ്ട്ടമാണ്. പക്ഷെ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്‌താൽ ഇഷ്ട്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേർക്ക് എന്നോട് ദേഷ്യമുണ്ട്. സിനിമ നന്നാവുകയും ചീത്തയാവുകയും ചെയ്യുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തെയും ഞാൻ മുഴുവനായിട്ട് എടുക്കുന്നില്ല. ആരാധകർ അതൊന്ന് മനസ്സിലാക്കിയാൽ മതി . അത്രത്തോളം സ്നേഹം എന്നോട് കാണിക്കുക,’ മമ്മൂട്ടി പറഞ്ഞു.

ഒരു കലയും പൂർണമാവുന്നില്ലെന്നും എല്ലാം പൂർണമായ മനുഷ്യരില്ലെന്നും മമ്മൂട്ടി പറഞ്ഞു. നന്നാവുക എന്നതാണ് ലക്ഷ്യം. അപ്പോൾ പൂർണമായി നന്നായി എന്ന് തോന്നികഴിഞ്ഞാൽ ലക്ഷ്യം പൂർത്തിയായെന്നും അതോടെ എല്ലാം നിർത്തണമെന്നും താരം പറഞ്ഞു.

‘പൂർണത ഒരു കലയിലുമില്ല. പൂർണത സൃഷ്ട്ടിയിൽ പോലും നമുക്ക് കാണാൻ കഴിയില്ല. എല്ലാ മനുഷ്യരും ഒരുപോലെയാണോ? എല്ലാ മനുഷ്യരിലും പൂർണത നമുക്ക് കാണാൻ കഴിയുമോ? എല്ലാ കാര്യവും അപൂർണമാണ്. ഓരോരുത്തർക്കും ഓരോരുത്തരുടേതായ അപൂർണതകളില്ലേ? നമ്മൾക്ക് നോക്കി കാണാൻ പറ്റാത്തതും മറ്റുള്ളവർക്ക് കാണാൻ പറ്റുന്നതുമായ കാര്യങ്ങളുണ്ടാകും. പൂർണമായിട്ടും നന്നായി എന്ന് പറയാൻ പറ്റാവുന്ന ഒരു പെർഫോമെൻസ് ഉണ്ടായാൽ അന്ന് നമ്മുക്ക് നിർത്താം. നമ്മുടെ ലക്ഷ്യം എന്ന് പറയുന്നത് നന്നാവുക എന്നതാണ്. നന്നായി എന്ന് നമുക്ക് തോന്നി കഴിഞ്ഞാൽ നമ്മുടെ ലക്ഷ്യം പൂർത്തിയായി. എനിക്ക് ഒരിക്കലും നന്നവരുതേ എന്നാണ് പ്രാർത്ഥന,’മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty says that he is not the only person responsible for the good or bad of the film