| Saturday, 30th April 2022, 1:54 pm

സേതുരാമയ്യര്‍ക്ക് പ്രത്യേകിച്ച് പ്രായമില്ല, സിനിമയില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെ: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ 5 ദി ബ്രെയ്ന്‍ മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ലോക സിനിമയില്‍ തന്നെ ആദ്യമായാണ് ഒരേ നായകനും, സംവിധായകനും, തിരക്കഥാകൃത്തും ഒരു സിനിമ പരമ്പരക്കായി അഞ്ച് പ്രാവശ്യം ഒന്നിക്കുന്നത്.

1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയപ്പോള്‍ അതുവരെയുണ്ടായിരുന്ന അന്വേഷണ സിനിമകളിലെ ആക്ഷന്‍ ഹീറോയും ദേഷ്യക്കാരുമായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തമായി ശാന്തനായ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സേതുരാമയ്യര്‍.

ബുദ്ധി പ്രധാന ആയുധമാക്കിയാണ് അയാള്‍ കേസുകള്‍ അന്വേഷിച്ചിരുന്നത്. പുതിയ കാലത്തും അത് തന്നെയാണ് സേതുരാമയ്യര്‍ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് പറയുകയാണ് മമ്മൂട്ടി.

സേതുരാമയ്യര്‍ പഴയ ആള് തന്നെയാണെന്നും അതിലിനി പുതുമയൊന്നും കൊണ്ട് വരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ 5 ദി ബ്രെയ്‌നിന്റെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മമ്മൂട്ടി.

‘സേതുരാമയ്യര്‍ അധികം പ്രായമാകാത്ത ആളാണ്. കുറച്ചുകൂടി ആരോഗ്യമുള്ള ആളായിക്കോട്ടെന്ന് വിചാരിച്ചു. സേതുരാമയ്യര്‍ക്ക് പ്രത്യേകിച്ച് ഒരു പ്രായം പറയുന്നില്ല. കഥ നടക്കുന്ന കാലത്ത് സര്‍വീസിലുള്ള ആള് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്.

‘സേതുരാമയ്യര്‍ കേസ് അന്വേഷിക്കുന്ന രീതികളൊന്നും പുതിയതാവാന്‍ വഴിയില്ല. നേരത്തേയും ടെക്‌നോളജിയൊന്നും ഉപയോഗിച്ചല്ല സേതുരാമയ്യര്‍ കേസുകള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് പുതിയ കാലത്താണ്. അതിനെ അധികം ആശ്രയിക്കാത്ത രീതിയാണ് സേതുരാമയ്യരുടേത്.

അത് ഇക്കാലത്ത് ഒരു പുതുമ ആയിരിക്കാം. അവര്‍ കണ്ടു ശീലിച്ച അന്വേഷണ രീതികള്‍ക്കപ്പുറത്ത് സൂക്ഷമമായി അന്വേഷിച്ച് പോകുന്ന സേതുരാമയ്യര്‍ തന്നെയാണ് ഈ കഥയിലുമുള്ളത്,’ മമ്മൂട്ടി പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ സി.ബി.ഐ 5 ദി ബ്രെയ്‌നിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മെയ് ഒന്നിനാണ് സി.ബി.ഐ സീരിസ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: mammootty says Sethuramayya does not say a particular age

We use cookies to give you the best possible experience. Learn more