മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന പുഴുവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പ്രമോ വീഡിയോകളും പ്രേക്ഷകരുടെ പ്രതീക്ഷകളെ കൂടുതല്‍ ഉയര്‍ത്തുകയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പലവിധ ചര്‍ച്ചകള്‍ പ്രേക്ഷകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു.
മമ്മൂട്ടിയുടെ കഥാപാത്രം പീഡോഫീലാണോ അതോ ടോക്‌സിക് പേരന്റാണോ മുതലായ ചര്‍ച്ചകളാണ് ഉയര്‍ന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വന്നതോടെ വീണ്ടും പലവിധ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നു. എന്തായാലും ചിത്രം റിലീസ് ചെയ്യാതെ ഇതിനൊന്നും വ്യക്തമായ മറുപടി ലഭിക്കില്ല.
പുഴുവിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മമ്മൂട്ടിയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ടീസറും ട്രെയ്‌ലറും പല വിധ സൂചനകള്‍ തരുമെന്നും എന്നാല്‍ പ്രേക്ഷകര്‍ എന്ത് വിളിക്കുന്നോ അതാണ് പുഴുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
‘ടീസറും ട്രെയ്‌ലറും ക്രൈം ത്രില്ലര്‍ എന്ന സൂചനയായിരിക്കും നല്‍കുന്നത്. പക്ഷേ ഇതൊരു ക്രൈം ത്രില്ലറാണെന്ന് ഞാന്‍ കരുതുന്നില്ല. ഇതൊരു ത്രില്ലറാണ്. എന്നാലവിടെ ഒരു ക്രൈമുമുണ്ട്. അതുകൊണ്ട് പുഴുവിനെ ഒരു ക്രൈം ത്രില്ലറായോ, ഫാമിലി ത്രില്ലറായോ, സൈക്കോ ത്രില്ലറായോ പരിഗണിക്കാം. നിങ്ങളെന്ത് വിളിക്കുന്നോ അതാണ് പുഴു,’ എന്നാണ് മമ്മൂട്ടി പറയുന്നത്.
ആദ്യമായാണ് തന്റെ സിനിമ ഒ.ടി.ടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതെന്നും എല്ലാവരും കാണണമെന്നും അഭ്യര്‍ത്ഥിച്ച് നേരത്തെ ഒരു വീഡിയോ മമ്മൂട്ടി പങ്കുവെച്ചിരുന്നു.
മെയ് 13 നാണ് പുഴു സോണി ലിവിലൂടെ റിലീസ് ചെയ്യുന്നത്. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.
രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്.
Content Highlight: mammootty says Psycho thriller, family thriller, whatever you call it is puzhu