കൊച്ചി: കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം നിലവില്‍ ചെയ്യുന്നില്ലെന്ന് നടന്‍ മമ്മൂട്ടി. ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നും താരം പറഞ്ഞു.
മാമാങ്കം ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നേരത്തെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു ഇരുവരും കുഞ്ഞാലി മരക്കാര്‍ ആവുന്നു എന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ടുകുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.
എന്നാല്‍ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റി . എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
ഓഗസ്റ്റ് സിനിമാസിന്റെ കുഞ്ഞാലിമരക്കാര്‍ ഉടനെ തുടങ്ങുമെന്നും 2 പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും 2018ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ പ്രഖ്യാപിക്കുകയും ഓഗസ്റ്റ് സിനിമാസിന്റെ തന്നെ തീവണ്ടി സിനിമയുടെ കൂടെ കുഞ്ഞാലി മരക്കാറിന്റെ ടീസര്‍ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.
തുടര്‍ന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചതോടെ മമ്മൂട്ടി ഫാന്‍സ് തന്നെ ഓഗസ്റ്റ് സിനിമാസിനെയും ഷാജി നടേശനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.