| Sunday, 24th September 2023, 4:18 pm

'നമുക്ക് നമ്മുടെ ശമ്പളം കിട്ടിയില്ലേലും വേണ്ടില്ല എന്നാണെങ്കിൽ സിനിമയെടുക്കാം'; മമ്മൂട്ടി കമ്പനിയെക്കുറിച്ച് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ നിർമാണ കമ്പനി ബജറ്റ് നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നതെന്ന് മമ്മൂട്ടി. തന്റെ പ്രതിഫലം പ്രൊഡക്ഷൻ കോസ്റ്റിൽ വരില്ലെന്നും അത് മാറ്റിവെച്ചാൽ ആ സിനിമ തീർക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത് എന്നും മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞു.

‘അങ്ങനെ പ്രത്യേക തെരഞ്ഞെടുപ്പൊന്നുമില്ല. ബജറ്റും മറ്റും നോക്കിത്തന്നെയാണ് സിനിമ കമ്മിറ്റ് ചെയ്യുന്നത്. കണ്ണൂർ സ്ക്വാഡാണ് മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ബജറ്റ് ചിത്രം.

നമ്മൾ ഒരു ചിത്രം നിർമിക്കുമ്പോൾ നമുക്കിഷ്ടമുള്ള കഥയാണെങ്കിൽ, നമ്മുടെ പ്രതിഫലം റിസ്ക് ചെയ്യുക എന്നുള്ളതാണ് ഐഡിയ. നമ്മുടെ പൈസ പ്രൊഡക്ഷൻ കോസ്റ്റിൽ വരില്ല. അങ്ങനെ മാറ്റിവെച്ചാൽ നമുക്ക് തീർക്കാൻ പറ്റുന്ന സിനിമയാണോ എന്നാണ് നോക്കുന്നത്. ലാഭം കിട്ടിയാൽ പ്രതിഫലം ലഭിക്കും. അല്ലെങ്കിൽ നമ്മൾ അപകടത്തിലാക്കുന്നത് നമ്മുടെ പ്രതിഫലമാണ്. അതാണ് സിനിമയെടുക്കാൻ പ്രേരിപ്പിക്കുന്ന കാര്യം.

കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ നമ്മുടെ ശമ്പളം പോകും. അതിനപ്പുറത്തേക്ക് ഒരു നഷ്ടംവരില്ല. സൗജന്യമായി അഭിനയിച്ച പോലെയാവും. അതുപോലെ മുമ്പും ചെയ്തിട്ടുണ്ടല്ലോ. സിനിമയാണ്, കോടിക്കണക്കിന് ലാഭം പ്രതീക്ഷിച്ച് ഒന്നും ചെയ്യാനാവില്ല. നമുക്ക് നമ്മുടെ ശമ്പളം കിട്ടിയില്ലേലും വേണ്ടില്ല എന്നാണെങ്കിൽ സിനിമയെടുക്കാം,’ മമ്മൂട്ടി പറഞ്ഞു.

താൻ അപ്ഡേറ്റ് ആകാൻ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെന്നും വ്യാജ വാർത്തകളും ശരിക്കുമുള്ള വിവരങ്ങളും ചുറ്റുമുള്ളതുകൊണ്ട് അപ്ഡേഷൻ ഒരു നാച്ചുറൽ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞാൽ വീടും തിരിച്ചു ഷൂട്ടിങ്ങും ആയതിനാൽ ധാരാളം സമയം ലഭിക്കുമെന്നും അപ്പോൾ വായിക്കുകയും കാണുകയും കേൾക്കുകയും ചെയ്യുമെന്നും മമ്മൂട്ടി പറഞ്ഞു.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡാണ് പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ചിത്രത്തിലൂടെ വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ് മമ്മൂട്ടി.

Content Highlight: Mammootty says he won’t take his remuneration for the films of his production company

We use cookies to give you the best possible experience. Learn more