എന്തിനാണ് ആളുകൾ ഇങ്ങനെ പേടിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് മമ്മൂട്ടി. സഹതാരങ്ങളെ ഏതു രീതിയിലാണ് കംഫർട്ടബിൾ ആക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. സഹതാരങ്ങളെ കംഫർട്ടബിൾ ആക്കാനല്ല മറിച്ച് തന്നെ കംഫേർട്ടബിൾ ആക്കാനാണ് നോക്കുന്നതെന്നും അവർ നന്നായി ചെയ്തിട്ട് വേണം തനിക്ക് വീട്ടിൽ പോകാനെന്നും താരം പറഞ്ഞു. മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
‘അവരെ കംഫർട്ടബിൾ ആക്കാൻ അല്ല. എന്നെ കംഫർട്ടബിൾ ആക്കാനാണ് ഞാൻ നോക്കുന്നത്. അവർ നന്നായി ചെയ്തിട്ട് വേണം നമുക്ക് ഇത് തീർത്തിട്ട് പോകാൻ. എന്തിനാണ് ആൾക്കാർ ഇങ്ങനെ പേടിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ സീനിയർ ആയതിനാൽ ആവാം. അല്ലെങ്കിൽ മമ്മൂട്ടി പുലിയാണ്, കടുവയാണ് എന്ന് ആളുകൾ പറഞ്ഞു ഉണ്ടാക്കുന്നത് കേട്ടിട്ട് ആവാം. പിന്നെ ഈ പറയുന്ന പേടി ഒരുതരത്തിൽ രക്ഷപ്പെടൽ കൂടിയാണ്. എന്തുപറഞ്ഞാലും പേടിയാണ്, ബഹുമാനമാണ് എന്നൊക്കെ പറഞ്ഞുള്ള രക്ഷപ്പെടൽ. പേടിക്കേണ്ട ഒരാവശ്യവുമില്ലന്നേ,’ മമ്മൂട്ടി പറഞ്ഞു.
താൻ അപ്ഡേറ്റ് ആവാൻ വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ശരിക്കുള്ള വിവരങ്ങളും വ്യാജനും നമ്മുടെയൊക്കെ ചുറ്റും ഓടിക്കൊണ്ടിരിക്കുമ്പോൾ അപ്‌ഡേഷൻ എന്നത് നാച്ചുറൽ ആയിട്ട് നടക്കുമെന്നും താരം പറഞ്ഞു.
‘അപ്ഡേറ്റ് ആവാൻ വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ശരിക്കുള്ള വിവരങ്ങളും വ്യാജനും ഇങ്ങനെ നമ്മുടെ ചുറ്റും കൊട്ടിക്കൊണ്ടിരിക്കുകയല്ലേ. അതുകൊണ്ടു തന്നെ ഈ അപ്ഡേഷൻ എന്നത് നാച്ചുറൽ ആയുള്ള ഒരു പ്രക്രിയയാണ്. പിന്നെ ഒരുപാട് സമയമുണ്ട്.
ഷൂട്ടിംഗ് കഴിഞ്ഞാൽ വീട്, വീട് വിട്ടാൽ ഷൂട്ടിംഗ് അതിനപ്പുറം വേറെ പരിപാടികൾ ഒന്നുമില്ല. അന്നേരം കാണുകയും കേൾക്കുകയും വായിക്കുകയും ഒക്കെ ചെയ്യും. അത് നിങ്ങളീ പറയുന്ന അപ്ഡേഷന് ഉപകരിക്കും,’ മമ്മൂട്ടി പറഞ്ഞു.
റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം കൂടിയാണിത്. എ,എസ്.ഐ. ജോർജ് മാർട്ടിനായിട്ടെത്തുന്ന സിനിമയുടെ തിരക്കഥ എഴുതിയത് ഡോക്ടർ റോണിയും ഷാഫിയുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വെഫെറർ ഫിൽംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
Content Highlight: Mammootty says he doesn’t know why people are so scared