| Wednesday, 5th October 2022, 3:52 pm

എന്നേയും ദുല്‍ഖറിനേയും രണ്ട് നടന്മാരായി കാണുക, ഒന്നിച്ചുള്ള സിനിമക്ക് ഇനിയും സമയമുണ്ട്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയോ ദുല്‍ഖല്‍ സല്‍മാനോ അഭിമുഖമോ പ്രസ് മീറ്റോ നടത്തിയാല്‍ സ്ഥിരം ഉണ്ടാവുന്ന ചോദ്യമാണ് ഇരുവരും ഒന്നിച്ചുള്ള സിനിമ എപ്പോഴാണ് സംഭവിക്കുക എന്ന്. കഴിഞ്ഞ ദിവസം നടന്ന റോഷാക്കിന്റെ പ്രസ് മീറ്റിലും ഈ ചോദ്യം ഉയര്‍ന്നിരുന്നു.

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്, പക്ഷേ അതിലേക്ക് എത്തുന്നില്ല എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. ‘ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്‌നവുമില്ല, നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാല്‍ മതി. രണ്ട് നടന്മാരായിട്ട് കാണൂ, അതല്ലേ നല്ലത്. സമയം കിടക്കുവല്ലേ,’ മമ്മൂട്ടി പറഞ്ഞു.

അച്ഛനും മോനുമായിട്ട് ഉടനെയെങ്ങും നടക്കുമെന്ന് തോന്നുന്നില്ല, അനിയനും ചേട്ടനുമായി ആലോചിക്കാമെന്നാണ് ഒപ്പമുണ്ടായിരുന്ന ജഗദീഷ് പറഞ്ഞത്.

ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദിന്റെ സംവിധാനത്തില്‍ ബിഗ് ബി പ്രീക്വല്‍ സീരിസ് വരുന്നുണ്ടോയെന്ന ചോദ്യത്തിന് അമല്‍ നീരദ് അങ്ങനെ പറഞ്ഞോയെന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം. വാര്‍ത്തകള്‍ വരട്ടെ വന്നാല്‍ സത്യം, വന്നില്ലെങ്കില്‍ നുണയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മുമ്പ് തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റില് വെച്ച് ദുല്‍ഖറും ഇതേ ചോദ്യം നേരിട്ടിരുന്നു. തനിക്കും അതിന് ആഗ്രഹമുണ്ടെന്നും എന്നാല്‍ വാപ്പച്ചിയോട് സംസാരിക്കുമ്പോള്‍ നടന്നതുതന്നെ എന്ന രീതിയില്‍ ഒന്നു ചിരിക്കുകയേയുള്ളെന്നും ദുല്‍ഖര്‍ പറഞ്ഞു. മുഴുനീള കഥാപാത്രത്തെ കിട്ടിയില്ലെങ്കിലും സൈഡില്‍ കൂടി നടന്നുവരുന്ന കഥാപാത്രമാണെങ്കിലും മതിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്യുക. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Mammootty says consider himand Dulquer as two actors

We use cookies to give you the best possible experience. Learn more