സിനിമ കണ്ട് മനുഷ്യര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത് അപൂര്‍വമാണെന്ന് മമ്മൂട്ടി. സിനിമ ഉണ്ടാകുന്നതിനും മുമ്പേ മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ടെന്നും ഇലന്തൂരിലെ നരബലിയോട് ബന്ധപ്പെട്ട് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
‘എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. നമ്മളെല്ലാം എല്ലാം തികഞ്ഞ മനുഷ്യരല്ല. നമ്മള്‍ കാണാത്ത തിന്മകള്‍ എല്ലാ മനുഷ്യരിലുമുണ്ട്. അങ്ങനെ ഉള്ള സിനിമകളില്‍ നിഗൂഢതകളുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ക്രൈമിലെ പ്രതി സര്‍വസമ്മതനായ, ഒരു മനുഷ്യനും സംശയം തോന്നാത്ത സൗമ്യനായ ഒരാളുമാണ്. ഇത്രയും ക്രൈം ചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാന്‍ പറ്റും.
സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് പറയാം. ഞാനായിട്ട് പറയുന്നതല്ല, പണ്ട് മുതലേ പറയുന്നതാണ്. സിനിമ കണ്ടിട്ട് ആളുകള്‍ ചീത്തയാവുന്നത് അപൂര്‍വമാണ്. സിനിമ ഉണ്ടാവുന്നതിന് മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്,’ മമ്മൂട്ടി പറഞ്ഞു.
അതേസമയം നരബലിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മമ്മൂട്ടി ഉത്തരം പറയാന്‍ തയാറായിരുന്നില്ല. മറ്റൊരു ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് നരബലിയെ പറ്റിയും മമ്മൂട്ടി പ്രതികരിച്ചത്.
അടുത്ത കാലത്ത് ഇറങ്ങിയ പല മലയാള സിനിമകളും ക്രിമിനല്‍ പശ്ചാത്തലത്തെ പ്രോത്സാഹിപ്പിക്കുന്ന തലത്തിലേക്കാണ് പോകുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നരബലി നടന്നു, ഈ സിനിമയുടെ പേര് പോലും റോഷാക്ക് എന്നാണ്, സ്വിസ് ആയ ജര്‍മന്‍ സൈക്കോളജിസ്റ്റിന്റെ പേരാണ്. അടുത്ത കാലത്ത് മലയാള സിനിമയിലിറങ്ങിയ പലതും ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള സിനിമകളാണെന്നാണ് മുന്‍ ഡി.ജി.പി പറഞ്ഞത്. ഈ സിനിമയേയും ഇപ്പോഴത്തെ സംഭവവികാസങ്ങളേയും എങ്ങനെ വിലയിരുത്തുന്നുവെന്നായിരുന്നു ചോദ്യം.
സിനിമയെ സംബന്ധിക്കുന്ന കാര്യമല്ലല്ലോയെന്നായിരുന്നു ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണം. സിനിമയെ സംബന്ധിക്കുന്ന കാര്യമാണോ ചോദിച്ചത്. ടൈറ്റില്‍ ജര്‍മന്‍ സൈക്കോളജിസ്റ്റിന്റെ പേരാണ്, അതുകൊണ്ടെന്താ? സൈക്കോളജിസ്റ്റിന്റെ പേരില്‍ സിനിമ വരാന്‍ പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ദൃശ്യം പോലുള്ള സിനിമകള്‍ കൊലപാതക സിനിമകളെ വേറൊരു തലത്തിലേക്ക് മാറ്റിവെക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ ഈ സിനിമയെ പറ്റിയല്ല പുള്ളി ചോദിക്കുന്നതെന്നും മറ്റുള്ള സിനിമയെ പറ്റി കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.
Content Highlight: mammootty says before there was film, there was man and crime in connection with elanthoor case