കൊച്ചി: തന്റെ കഥാപാത്രത്തെ മാത്രം നോക്കി സിനിമ തെരഞ്ഞെടുക്കുന്നയാളല്ല മമ്മൂട്ടി എന്ന് പറയുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി. 2020ല്‍ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ അപ്പുറത്ത് നില്‍ക്കുന്നയാളുടെ അഭിനയത്തിന് അനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് സ്വാമി പറഞ്ഞു.
‘ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ നല്ലപോലെ അഭിനയിക്കുന്നയാളാണെങ്കില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അഭിനയത്തില്‍ താന്‍ കൈവിട്ട് പോകുമെന്ന് മമ്മൂട്ടി പറയാറുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ കൂടെ അഭിനയിക്കുന്ന ചില ഹീറോയിന്‍സിനോട് അയാള്‍ക്ക് പ്രത്യേക താല്പ്പര്യമുണ്ടായിരുന്നു. സീമയുടെ കാര്യമൊക്കെ അദ്ദേഹം എടുത്ത് പറയും.
സീമയാണ് അപ്പുറത്ത് നില്‍ക്കുന്നതെങ്കില്‍ തന്റെ പെര്‍ഫോമന്‍സിന് യാതൊരു കുറവും വരില്ലെന്ന് മമ്മൂട്ടി പറയുമായിരുന്നു. ഒരു പടത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ കഥാപാത്രം മാത്രമല്ല മമ്മൂട്ടി നോക്കുന്നത്. നായികയായി വരുന്നയാളുടെ ഗ്ലാമറുമല്ല. തന്നോടൊപ്പം അഭിനയിക്കാനുള്ള കഴിവാണ് അദ്ദേഹം നോക്കുക,’ എസ്.എന്‍ സ്വാമി പറഞ്ഞു.
സിനിമയെ പ്രണയിക്കുന്നയാളാണ് മമ്മൂട്ടിയെന്നും അതിനായി തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്നന്നേക്കുമായി ഉപേക്ഷിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ടെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.
കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കഴിവിനെപ്പറ്റിയും അദ്ദേഹം മനസ്സുതുറന്നിരുന്നു.
‘മമ്മൂട്ടിയുടെ വളര്‍ച്ച എന്നത് കഥാപാത്രത്തിന്റെ കഴിവ് പോലെയിരിക്കും. മമ്മൂട്ടി അഭിനയിക്കുന്ന രീതിയല്ല മോഹന്‍ലാലിന്റേത്. മോഹന്‍ലാല്‍ ഏത് കഥാപാത്രത്തെയും താനാക്കി മാറ്റും.
‘മമ്മൂട്ടി ആ കഥാപാത്രമായി മാറും. കഥാപാത്രത്തിന് ശക്തിയുണ്ടെങ്കില്‍ മമ്മൂട്ടിയ്ക്കും ശക്തിയുണ്ടാകും. കഥാപാത്രം ദുര്‍ബലമായാല്‍ മമ്മൂട്ടിയും വീക്ക് ആകും. അത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല.
സൂഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമെ ആ വ്യത്യാസം തിരിച്ചറിയാന്‍ പറ്റുകയുള്ളു. എനിക്ക് ഈ കാര്യം അറിയുമായിരുന്നില്ല. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. താനും മോഹന്‍ലാലും തമ്മില്‍ അഭിനയത്തില്‍ ഇങ്ങനെയൊരു വ്യത്യാസമുണ്ടെന്ന്’, എസ്.എന്‍.സ്വാമി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mammootty Says About Seema’s Performance