മാറിയ കാലത്തെ സിനിമകളെ പറ്റി തങ്ങളുടെ കാഴ്ചപ്പാടുകള്‍ തുറന്ന് പറഞ്ഞ് മമ്മൂട്ടിയും ജഗദീഷും. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷിന്റെ പഴയ കുടുംബചിത്രങ്ങളെ പറ്റിയാണ് അവതാരകന്‍ ചോദ്യമുന്നയിച്ചത്.
പണ്ട് ഇറങ്ങിയതുപോലെയുള്ള ചിത്രങ്ങള്‍ ഇന്നിറങ്ങാത്തതിന് പല കാരണങ്ങളാണ് ജഗദീഷ് ചൂണ്ടിക്കാണിച്ചത്. ‘ഞാന്‍ അന്ന് അഭിനയിച്ച സ്ഥലത്തെ പ്രധാനപയ്യന്‍സ് വലിയ ഹിറ്റ് സിനിമയായിരുന്നു. അതിലെ ഡയലോഗ്‌സ് രണ്‍ജി പണിക്കരാണ് എഴുതിയത്.
ഇപ്പോള്‍ ഡയലോഗ് ഓറിയന്റഡായ പൊളിറ്റിക്കല്‍ സിനിമകള്‍ അധികം വരുന്നില്ല. കാരണം ഇപ്പോള്‍ ന്യൂസ് ചാനലില്‍ ചര്‍ച്ചയുണ്ട്. അത് തന്നെ ഒരു സിനിമയാണ്. അതില്‍ പ്രതിപക്ഷം ഉണ്ട്, ഭരണകക്ഷിയുണ്ട്. അതുപോലെ കുടുംബചിത്രങ്ങള്‍ക്ക് പകരമായി സീരിയലുകള്‍ കയ്യടക്കി കഴിഞ്ഞു,’ ജഗദീഷ് പറഞ്ഞു.
കുടുംബചിത്രങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്നും കുടംബങ്ങളാണ് മാറിയതെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. ‘ഫാമിലി സിനിമകള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. ഫാമിലിയില്‍ നടക്കുന്ന കഥകളാണ് എല്ലാവരുടെയും. പക്ഷേ ഇപ്പോള്‍ ഫാമിലികള്‍ മാറി. 90കളിലെ ഫാമിലി അല്ല ഇപ്പോള്‍. കുട്ടികള്‍ അങ്ങനെയല്ല, അവര്‍ അറിയുന്നതും, അവരുടെ ചിന്തകളും ഒന്നും അങ്ങനെയല്ല. മൊബൈല്‍ ഫോണ്‍ വരെ മാറി. ടെലിവിഷന്‍ കൂടി.
കുടുംബത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ മാറി. പഴയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ട് കാര്യമില്ല. ഇപ്പോള്‍ വാത്സല്യം കൊണ്ടുവന്നാല്‍ നടക്കുന്ന കേസുകെട്ടല്ല. മേലേടത്ത് രാഘവന്‍ നായരൊന്നും ഇപ്പോള്‍ നടക്കില്ല. വേറെ ലൈനാണ് ഇപ്പോള്‍. മാറുന്നതനുസരിച്ചാണ് കഥയും കഥാപാത്രങ്ങളും മാറുന്നത്,’ മമ്മൂട്ടി പറഞ്ഞു.
ഇരുവരും വീണ്ടും ഒന്നിക്കുന്ന റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്യുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
Content Highlight: Mammootty says a movie like Valsalyam won’t happen these days