| Friday, 14th October 2022, 7:37 am

മലയാള പ്രേക്ഷകരെ അത്രയും വിശ്വാസമുണ്ട്, ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് തോന്നുന്നില്ല; മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കിന്റെ വിജയത്തിന് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. അബുദാബി ഡാല്‍മ മാളില്‍ വെച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷത്തില്‍ വെച്ചാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞത്.

‘ഈ സിനിമയുടെ നിര്‍മാതാക്കള്‍ക്കോ സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ അഭിനേതാക്കള്‍ക്കോ ഉള്ള സന്തോഷത്തെക്കാള്‍ അഭിമാനം ഈ സിനിമ ഒരു വലിയ വിജയമാക്കിയ പ്രേക്ഷകര്‍ക്കാണ്. സിനിമ വളരുന്നത് പ്രേക്ഷകരിലൂടെയാണ്, സിനിമ പ്രവര്‍ത്തകരിലൂടെയല്ല. പ്രേക്ഷകരാണ് സിനിമയെ നയിക്കുന്നത്. സിനിമ ഏത് ദിശയിലേക്ക് സഞ്ചരിക്കണം എങ്ങനെ ചര്‍ച്ച ചെയ്യണമെന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകനാണ്.

കാരണം പ്രേക്ഷകരാണ് സിനിമ എന്ന കലാരൂപത്തോട് ഏറ്റവും കൂടുതല്‍ ആഭിമുഖ്യമുള്ളവര്‍. പ്രത്യേകിച്ച് മലയാള സിനിമ പ്രേക്ഷകര്‍. ഉത്തരവാദിത്തത്തോടെ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത് പ്രേക്ഷകരാണ്.

ഞങ്ങള്‍ക്കുണ്ടായ ഈ അഭിമാന പൂര്‍വമായ വിജയം മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ ഉയര്‍ച്ചയാണ് കാണിക്കുന്നത്. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളത് കൊണ്ടാണ്. നിങ്ങള്‍ സിനിമ കാണാന്‍ വേണ്ടി സോപ്പിടുന്നതല്ല. നിങ്ങള്‍ സിനിമ കണ്ടതുകൊണ്ട് പറഞ്ഞതാണ്,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആളുകളാണ് മാളില്‍ എത്തിച്ചേര്‍ന്നത്. ഗ്രേസ് ആന്റണി, ജോര്‍ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം സിനിമയെ പ്രതിനിധീകരിച്ചു കൊണ്ട് പരിപാടിയില്‍ പങ്കെടുത്തു. റോഷാക്കിലെ വീഡിയോ ഗാനവും പരിപാടിയില്‍ റിലീസ് ചെയ്തിരുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമൊരു സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്റെ നിര്‍മാണം.

Content Highlight:  Mammootty says A film like rorschach does not seem to be a success in any Indian language

We use cookies to give you the best possible experience. Learn more