| Monday, 9th September 2024, 5:28 pm

ആ നടനെ പലപ്പോഴും അവാര്‍ഡിന് പരിഗണിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യനും നസീറും പ്രധാനവേഷത്തിലെത്തിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ അഭിനയജീവിതം ആരംഭിച്ചയാളാണ് മമ്മൂട്ടി. 53 വര്‍ഷമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മമ്മൂട്ടി ഇന്ന് മലയാള സിനിമയുടെ നെടുംതൂണാണ്. 73ാം വയസിലും തന്നിലെ നടനെ ഓരോ സിനിമ കഴിയുന്തോറും തേച്ചുമിനുക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സീ കേരളം നടത്തിയ അവാര്‍ഡ് ഷോയ്ക്കിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

നടന്‍ ജനാര്‍ദനനെ പലപ്പോഴും ആരും അവാര്‍ഡുകള്‍ക്ക് പരിഗണിക്കാറില്ലെന്നും തനിക്ക് അതില്‍ വിഷമമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെ ജനാര്‍ദനന് അവാര്‍ഡ് കൊടുക്കാമോ എന്ന് ചോദിച്ചെന്നും എന്നാല്‍ അതിനവര്‍ക്ക് നിര്‍വാഹമില്ലെന്ന് പറഞ്ഞുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദനന് കൊടുത്ത സീ ടീവിക്ക് നന്ദി പറയാനും മമ്മൂട്ടി മറന്നില്ല.

താന്‍ സിനിമയിലെത്തിയ കാലത്ത് ജനാര്‍ദനന്‍ തിരക്കുള്ള നടനായിരുന്നെന്നും തന്റെ നാട്ടുകാരനെന്ന നിലയില്‍ ജനാര്‍ദനനെ മുന്നേ അറിയാമായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയിലെത്തിയ സമയത്ത് താന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണെന്ന് പറഞ്ഞത് വളരെയധികം സന്തോഷം തന്ന കാര്യമാണെന്നും ആ വാക്കുകള്‍ തനിക്ക് തന്ന സുരക്ഷിതത്വം വലുതായിരുന്നെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

‘പല അവാര്‍ഡ് ഷോയ്ക്കും പോകുമ്പോള്‍ ഞാന്‍ ആലോചിക്കും, എന്തുകൊണ്ട് ജനാര്‍ദനന്‍ ചേട്ടന് ആരും അവാര്‍ഡ് കൊടുക്കുന്നില്ല. സിനിമയില്‍ എന്നെക്കാള്‍ സീനിയറാണ് അദ്ദേഹം. എന്നിട്ടും അര്‍ഹിക്കുന്ന പരിഗണന ആരും അദ്ദേഹത്തിന് കൊടുത്തിട്ടില്ല. ഒരു അവാര്‍ഡ് ഷോയ്ക്ക് എന്നെ വിളിച്ചപ്പോള് ജനാര്‍ദനന്‍ ചേട്ടന് വല്ല അവാര്‍ഡും കൊടുക്കാന്‍ വകുപ്പുണ്ടോ എന്ന് ചോദിച്ചു. പക്ഷേ അതിന് നിര്‍വാഹമില്ലെന്നായിരുന്നു അവരുടെ മറുപടി. അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കൊടുത്ത സീ ടി.വിയോട് നന്ദിയുണ്ട്.

അതുപോലെ ഞാന്‍ സിനിമയില്‍ വന്ന സമയത്ത് എനിക്ക് ഈ ഫീല്‍ഡിലെ ആരെയും പരിചയമില്ലായിരുന്നു. ജനാര്‍ദനന്‍ ചേട്ടന്‍ അന്ന് തിരക്കുള്ള നടനായിരുന്നു. അദ്ദേഹം എന്റെ നാട്ടുകാരനാണ്. അന്ന് സിനിമയിലെ പലരോടും ‘മമ്മൂട്ടി എന്റെ നാട്ടുകാരനാണ്’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ എനിക്ക് തന്ന സുരക്ഷിതത്വം വളരെ വലുതാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty saying that Janardhanan were not consider for awards by some peoples

We use cookies to give you the best possible experience. Learn more