കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞ പ്രേക്ഷകര്‍ക്ക് നന്ദി: മമ്മൂട്ടി
Entertainment news
കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞ പ്രേക്ഷകര്‍ക്ക് നന്ദി: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th September 2023, 10:33 pm

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. ഇപ്പോഴിതാ സിനിമക്ക് മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് മമ്മൂട്ടി നന്ദി അറിയിച്ചത്.

‘കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നല്ല അഭിപ്രായങ്ങള്‍ ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയും ഹൃദയം നിറയ്ക്കുന്നു, നിങ്ങള്‍ ഓരോരുത്തര്‍ക്കും വളരെ നന്ദി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ആഴത്തില്‍ വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിത്. അതിന് ഇത്രയധികം സ്‌നേഹം ലഭിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷം,’ മമ്മൂട്ടി കുറിച്ചു.

അതേസമയം കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ ദിനം ലിമിറ്റഡ് റിലീസുകളില്‍ നിന്ന് തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും സിനിമ ആദ്യ ഷോ കണ്ടവര്‍ പറഞ്ഞിരുന്നു.

പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.

സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.

ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlight: Mammootty saying thanks to the audience for accepting kannur squad