ലോകാവസാനം വരെ ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി
Entertainment
ലോകാവസാനം വരെ ആളുകള്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2024, 5:46 pm

തന്റെ അവസാന ശ്വാസം വരെ സിനിമ തനിക്ക് മടുക്കില്ലെന്ന് മമ്മൂട്ടി. താരത്തിന്റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാ നടീനടന്മാര്‍ക്കും സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും മമ്മൂട്ടിക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

താന്‍ മരിച്ച് കഴിഞ്ഞാല്‍ കൂടിപ്പോയാല്‍ 15 വര്‍ഷം വരെയൊക്കെ മാത്രമേ ആളുകള്‍ തന്നെപ്പറ്റി ഓര്‍ക്കുള്ളൂവെന്നും, ലോകാവസാനം വരെ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു. മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളതെന്നും, ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

‘സിനിമ മടുത്തു എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്റെ അവസാനശ്വാസം വരെ അങ്ങനെ തോന്നുകയുമില്ല. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എത്ര നാള്‍ അവരെന്നെക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം? പത്തു വര്‍ഷം? 15 വര്‍ഷം? അതോടു കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കുമുണ്ടാകില്ല.

മഹാരഥന്മാര്‍ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്കെന്നെ എങ്ങനെ ഓര്‍ത്തിരിക്കാന്‍ സാധിക്കും? എനിക്ക് ആ കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരിക്കല്‍ ഈ ലോകം വിട്ടുപോയാല്‍ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും? ഒരു സമയം കഴിഞ്ഞാല്‍ നമ്മളെ ആര്‍ക്കും ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty saying he won’t feel exhausted cinema till his last breath