കൊച്ചി: അന്തരിച്ച വിഖ്യാത സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലികളര്‍പ്പിച്ച് സിനിമ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍. ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്ന ഒരാള്‍കൂടി വിടവാങ്ങിയെന്ന് മമ്മൂട്ടി അനുസ്മരിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനായിരുന്നു കെ.ജി. ജോര്‍ജ്. ഒരു നായക നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ വളര്‍ച്ച അടയാളപ്പെടുത്തിയ സിനിമകളായിരുന്ന കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത മേളയും യവനികയും.
‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു, ആദരാജ്ഞലികള്‍ ജോര്‍ജ് സാര്‍ ‘ കെ.ജി. ജോര്‍ജിനെ അനുസ്മരിച്ച് കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം നവീകരിച്ച സംവിധായകനായിരുന്നു കെ.ജി. ജോര്‍ജെന്ന് നടി ഷീലയും അനുസ്മരിച്ചു.
കെ.ജി. ജോര്‍ജിന്റെ നിര്യാണത്തില്‍ മന്ത്രിമാരായ പി.രാജീവും എം.ബി. രാജേഷും അനുശോചനം രേഖപ്പെടുത്തി. കെ.ജി. ജോര്‍ജിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തിലെ നാഴകക്കല്ലുകളായി ഓര്‍ക്കപ്പെടുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
മലയാളസിനിമയില്‍ പുതിയ പാത സൃഷ്ടിച്ചവരിലൊരാളായിരുന്നു കെ.ജി. ജോര്‍ജെന്ന് മന്ത്രി പി.രാജീവ് അനുസ്മരിച്ചു. കെ ജി ജോര്‍ജിന്റെ സിനിമകള്‍ എക്കാലവും മലയാളികള്‍ക്ക് സ്വന്തം ജീവിതപരിസരത്ത് നടക്കുന്ന കാര്യങ്ങളുമായി ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നവയായിരുന്നു എന്നും മന്ത്രി പറഞ്ഞു. യവനികയും ഇരകളുമൊക്കെ ഇന്നത്തെ തലമുറയിലെ സംവിധായകര്‍ക്കുള്‍പ്പെടെ റഫറന്‍സാണെന്നും മരണമില്ലാത്ത ഈ സിനിമകളിലൂടെ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ അദ്ദേഹം അനശ്വരനായിരിക്കുമെന്നും പി.രാജീവ് പറഞ്ഞു.
content highlights: Mammootty said that someone close to his heart has left; Eminent in memory of KG George