പുതുമുഖങ്ങൾക്ക് താൻ അവസരം കൊടുത്തു എന്ന് പറയുന്നത് തന്നെ ശരിയല്ലെന്ന് മമ്മൂട്ടി. പുതുമുഖ സംവിധായകർക്ക് താൻ അവസരം കൊടുക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. തങ്ങളെ ഉൾപെടുത്താൻ വേണ്ടിയാണ് ഇവരൊക്കെ തന്റെ അടുത്ത് വന്ന് കഥ പറയുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പുതുമുഖങ്ങൾക്ക് നമ്മൾ അവസരം കൊടുത്തു എന്ന് പറയുന്നത് തന്നെ ശരിയായ രീതിയല്ല. അവരാണ് നമ്മൾക്ക് അവസരം തരുന്നത്. നമ്മളെ അതിൽ ഉൾപ്പെടുത്താൻ വേണ്ടിയല്ലേ നമ്മുടെ അടുത്ത് വന്ന് കഥ പറയുന്നത് തന്നെ. ഇന്ന ആളെങ്ങനെയുണ്ട് എന്ന് അങ്ങോട്ട് അന്വേഷിച്ചുപോയിട്ട് അവസരം കൊടുക്കാറില്ലല്ലോ. അപ്പോൾ നമ്മളെ അന്വേഷിച്ചെത്തി നമുക്കവസരം തരികയല്ലേ ഈ സംവിധായകർ സത്യത്തിൽ ചെയ്യുന്നത്. ഈ സിനിമയിൽ മമ്മൂട്ടി വേണം എന്ന് തീരുമാനിക്കുന്നത് അവരാണ്,’ മമ്മൂട്ടി പറഞ്ഞു.
സംവിധായകൻ റോബി കണ്ണൂർ സ്ക്വാഡുമായി എത്തുമ്പോൾ തനിക്ക് അവനോടുള്ള വിശ്വാസത്തെക്കുറിച്ചും മമ്മൂട്ടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു . റോബി കഠിനാധ്വാനിയാണെന്നും ഷൂട്ടിന്റെ സമയത്ത് ഭക്ഷണം പോലും കഴിച്ചിരുന്നോ എന്നത് സംശയമാണെന്നും താരം പറഞ്ഞു.
‘പുതിയ നിയമത്തിന്റെയും ഗ്രേറ്റ് ഫാദറിന്റെയും ഛായാഗ്രഹണം നിർവഹിച്ചത് റോബിയാണ്. ഒരുപാട് ചർച്ചകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ സമയം കുറെ എടുത്തു സിനിമ തുടങ്ങാൻ. ഭയങ്കര കഠിനാധ്വാനിയാണ് റോബി. അവൻ ഷൂട്ടിനിടയിൽ ഒക്കെ ഭക്ഷണം വരെ കഴിച്ചിരുന്നോ എന്ന് സംശയമാണ്. അത്രയ്ക്ക് ഡെഡിക്കേറ്റഡ് ആണ്. പിന്നെ റോബിയെ മാത്രമല്ല, തിരക്കഥാകൃത്തുക്കളായ റോണിയെയും ഷാഫിയെയും ഒക്കെ എനിക്ക് നേരത്തെ അറിയാം. റോബിയും റോണിയും സഹോദരങ്ങളാണ്. മാത്രമല്ല റോണി എന്നേ സിനിമയിൽ ഉള്ളയാളാണ്. പിന്നെ ഇവർ നമ്മുടെ പഴയ ചിത്രത്തിന്റെ നിർമാതാക്കളുടെ മക്കളാണ് അങ്ങനെയൊരു ബന്ധം കൂടിയുണ്ട്,’ മമ്മൂട്ടി പറഞ്ഞു.