| Monday, 7th March 2022, 8:45 am

സംവിധാനം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു; സിനിമ എപ്പോള്‍; മനസുതുറന്ന് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം തിയേറ്ററുകളെ അടക്കി ഭരിച്ചുകൊണ്ടിരിക്കുകയാണ്. മാസിന് മാസും ക്ലാസിന് ക്ലാസും അണിനിരത്തിയാണ് അമല്‍ നീരദ് പഴയ വിന്റേജ് മമ്മൂട്ടിയെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

റെക്കോഡ് കളക്ഷന്‍ നേടിയാണ് സിനിമ മുന്നേറുന്നത്. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പോസിറ്റീവ് റെസ്‌പോണ്‍സ് മാത്രം സ്വന്തമാക്കിയാണ് മൈക്കിളപ്പന്‍ തന്റെ ജൈത്രയാത്ര തുടരുന്നത്.

ഭീഷ്മ പര്‍വ്വത്തിന് പിന്നാലെ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ബിലാല്‍ 2 അടക്കമുള്ള നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ മമ്മൂട്ടിയുടെ സംവിധാന സംരംഭത്തെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സിനിമാലോകത്തെങ്ങും. എന്നാല്‍ തനിക്ക്‌ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.

തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ മോഹമുണ്ടായിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴതിന് പറ്റിയ കഥയൊന്നും കയ്യിലില്ല എന്നുമായിരുന്നു താരത്തിന്റെ മറുപടി.

‘ഞാന്‍ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമയുണ്ടാകും. സംവിധാനമോഹം ഉണ്ടായിരുന്നു, പത്തു മുപ്പത് കൊല്ലം മുമ്പ്. എനിക്ക് പറയാന്‍ ഒരു കഥയുണ്ടാകണം. അങ്ങനൊരു കഥ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. ഒരു നടനായി തന്നെ തുടരും,’ മമ്മൂട്ടി പറയുന്നു.

അതേസമയം, മോഹന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്.

വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

Content Highlight: Mammootty said that he wanted to direct a movie
We use cookies to give you the best possible experience. Learn more