| Tuesday, 7th February 2023, 5:25 pm

പവനായി ആകേണ്ടിയിരുന്നത് ഞാന്‍, അന്ന് കഥ ഇങ്ങനെയായിരുന്നില്ല: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്യാപ്റ്റന്‍ രാജുവിന്റെ പ്രശസ്ത കഥാപാത്രമായ പവനായിയെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് മമ്മൂട്ടി. അന്ന് ചിത്രത്തിന്റെ കഥ ഇങ്ങനെ ആയിരുന്നില്ലെന്നും പവനായി ആയിരുന്നു ലീഡ് ക്യാരക്ടറെന്നും മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘ക്യാപ്റ്റന്‍ രാജുവിന്റെ റോള്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. അന്ന് കഥ ഇങ്ങനെയായിരുന്നില്ല. പവനായി അയിരുന്നു ലീഡ് റോള്‍. ചെറിയ ആള്‍ക്കാരെ വെച്ചിട്ടുള്ള കഥയാണ്,’ മമ്മൂട്ടി പറഞ്ഞു.

മുമ്പ് സുരേഷ് ഗോപി സ്വീറ്റ്‌സ് കൊടുത്ത് വിട്ടതിന് ശേഷം പിണങ്ങിയ സംഭവത്തെ കുറിച്ചും മോഹന്‍ലാലിന് കത്തെഴുതിയതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചിരുന്നു. സ്വീറ്റ് കഴിച്ചിട്ട് എന്താണ് ഓര്‍മ വരുന്നതെന്ന് പറയണമെന്ന് പറഞ്ഞുവിട്ടുവെങ്കിലും ഒന്നും ഓര്‍മ വരാത്തതിനാല്‍ മമ്മൂട്ടി ഒന്നും പറഞ്ഞില്ലെന്നും അതിനാല്‍ സുരേഷ് ഗോപി പിണങ്ങി നടന്നതുമാണ് അവതാരകന്‍ ഓര്‍മിപ്പിച്ചത്.

‘ആ സംഭവം എന്നാണ് നടന്നതെന്ന് എനിക്ക് പിടികിട്ടുന്നില്ല. ദല്‍ഹിയിലെവിടെയോ ഉള്ള സ്വീറ്റാണ്. അവിടെ നിന്നും പുള്ളി വാങ്ങിക്കൊണ്ടുവന്നതാണ്. ഇടക്കിടക്ക് സ്വീറ്റ് കൊണ്ടുതരും. നമ്മളെ ഇയാള്‍ ആവശ്യമില്ലാത്ത ചില സ്ഥലത്തൊക്കെ പെടുത്തും. നമുക്ക് പെട്ടെന്ന് ഒന്നും ഓര്‍മ വരില്ല.

വാത്സല്യത്തിന്റെ സമയത്താണ് മോഹന്‍ലാലിന് കത്തെഴുതുന്നത്. വാത്സല്യത്തിന്റെയും ദേവാസുരത്തിന്റെയും ഷൂട്ട് അപ്പുറത്തും ഇപ്പുറത്തും നടക്കുന്നുണ്ട്. ഒരേ സ്ഥലത്താണ് നടക്കുന്നത്. ശ്രീരാമനാണ് നമ്മുടെ പോസ്റ്റ് മാന്‍. ഞങ്ങള്‍ കത്തെഴുതി അങ്ങോട്ടും ഇങ്ങോട്ടും അയക്കും. ചുമ്മാ എസ്.എം.എസ് പോലെ. അന്ന് ഫോണൊന്നുമില്ലല്ലോ,’ മമ്മൂട്ടി പറഞ്ഞു.

ഫെബ്രുവരി ഒമ്പതിനാണ് ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.

സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വിനയ് റായി, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Mammootty said that he should have played Pawanai instead of captain raju 

We use cookies to give you the best possible experience. Learn more