സിനിമയിലുള്ള ചെറുപ്പക്കാരുടെ കൂടെയിരിക്കാനാണ് തനിക്കിഷ്ടമെന്ന് മമ്മൂട്ടി. ഒറ്റക്കിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം പറഞ്ഞു. ചെറുപ്പക്കാരെ ഡീൽ ചെയ്യേണ്ട കാര്യമില്ലെന്നും അവരുടെ കൂടെ ഒരാളായിട്ട് കൂടുകയാണ് ചെയ്യേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മമ്മൂട്ടി ഉൾപ്പടെയുള്ള ഒരുപറ്റം ചെറുപ്പക്കാരുള്ള സിനിമയാണ് വരാനിരിക്കുന്നതെന്നും , അവരെയെല്ലാം എങ്ങനെയാണ് ഡീൽ ചെയ്തത് എന്ന ചോദ്യത്തിന് ഡീൽ ചെയ്യേണ്ട കാര്യമില്ലെന്നും അവരുടെ കൂടെ ഒരാളായിട്ട് നിന്നാൽ മതിയെന്നായിരുന്നു താരത്തിന്റെ മറുപടി.
‘ഞാൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാരോ! ആ കിടക്കട്ടെ (ചിരി). കേൾക്കുമ്പോൾ സന്തോഷം ഉള്ള കാര്യമാണല്ലോ. അവരെ ഡീൽ ചെയ്യാൻ, ഞാൻ അവരിൽ ഒരാളായി തന്നെ കൂടുന്നു എന്നേയുള്ളൂ. ചെറുപ്പക്കാരനെന്നല്ലേ എന്നെക്കുറിച്ച് പറഞ്ഞത്, പിന്നെ ഡീൽ ചെയ്യാൻ എന്ത് ബുദ്ധിമുട്ട്. ഒറ്റയ്ക്കിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. നരകിച്ചു പോകും.
നമ്മുടെ കൂടെയുള്ളവരൊക്കെ നമ്മുടെ കൂടെത്തന്നെ വേണം. അല്ലെങ്കിൽ ഞാൻ അവരുടെ കൂടെ പോയിരിക്കും. എന്റെ അടുത്തോട്ട് വന്നില്ലെങ്കിൽ, ഞാൻ അങ്ങോട്ട് പോകും. ഒറ്റക്കിരിക്കാൻ സാധിക്കില്ല.
പിള്ളേരാണ് സിനിമയുടെ ഭൂരിഭാഗം മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്. ശ്രീകുമാർ, ശബരീഷ് വർമ, അസീസ് നെടുമങ്ങാട്, സണ്ണി വെയ്ൻ തുടങ്ങിയ ഒരുപറ്റം ചെറുപ്പക്കാരായ അഭിനേതാക്കൾ ഉണ്ട്. സൈബർ സെല്ലിലെ ഉദ്യോഗസ്ഥനായിട്ടാണ് ശരത് വേഷമിടുന്നത്. ബ്രില്യന്റ് പെർഫോമൻസ് ആണ് ശരത്തിന്റേത്. ശരിക്കും ഇയാൾക്ക് അവിടെയാണ് ജോലിയെന്ന് തോന്നും സിനിമ കാണുമ്പോൾ. അത്രയ്ക്ക് ബ്രില്യന്റായി അയാൾ ആ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ഛായാഗ്രാഹകൻ റാഹേലും ടീമും, എഡിറ്റർ, സുഷിന് ശ്യാമിന്റെ മ്യൂസിക് തുടങ്ങിയ ഒരുകൂട്ടം ചുറുചുറുക്കുള്ള യുവാക്കൾ ചുറ്റുമുള്ളതിന്റെ സുഖമുണ്ട് ,’ മമ്മൂട്ടി പറഞ്ഞു.
റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. മമ്മൂട്ടിക്കും വിജയരാഘവനും പുറമെ സണ്ണി വെയ്ൻ, ശബരീഷ് വർമ, ശരത് സഭ, സച്ചിൻ ചെറുകയിൽ, ഷെബിൻ ബെൻസൺ, അസീസ് നെടുമങ്ങാട് തുടങ്ങിയ ചെറുപ്പക്കാരുടെ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം കൂടിയാണിത്. മമ്മൂട്ടി എ,എസ്.ഐ. ജോർജ് മാർട്ടിനായിട്ടെത്തുന്ന സിനിമയുടെ തിരക്കഥ എഴുതിയത് ഡോക്ടർ റോണിയും ഷാഫിയുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
Content Highlight: Mammootty said that he likes to be with young people in films