വാത്സല്യം ഷൂട്ടിനിടയില്‍ താനും മോഹന്‍ലാലും പരസ്പരം കത്തയക്കുമായിരുന്നു എന്ന് മമ്മൂട്ടി. ശ്രാരാമനായിരുന്നു തങ്ങളുടെ പോസ്റ്റ്മാനെന്നും അന്ന് എസ്.എം.എസൊന്നുമില്ലല്ലോ എന്നും ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.
‘വാത്സല്യത്തിന്റെയും ദേവാസുരത്തിന്റെയും ഷൂട്ട് അപ്പുറത്തും ഇപ്പുറത്തും നടക്കുന്നുണ്ട്. ഒരേ സ്ഥലത്താണ് നടക്കുന്നത്. ശ്രീരാമനാണ് നമ്മുടെ പോസ്റ്റ് മാന്‍. ഞങ്ങള്‍ കത്തെഴുതി അങ്ങോട്ടും ഇങ്ങോട്ടും അയക്കും. ചുമ്മാ എസ്.എം.എസ് പോലെ. അന്ന് ഫോണൊന്നുമില്ലല്ലോ,’ മമ്മൂട്ടി പറഞ്ഞു.
വാത്സല്യം സെറ്റില്‍ മമ്മൂട്ടിയെ കാണാന്‍ പോയ അനുഭവം ഷൈനും പ്രൊമോഷനിടയില്‍ പങ്കുവെച്ചിരുന്നു. ‘ഞാന്‍ ആറിലോ ഏഴിലോ ആണ് പഠിക്കുന്നത്. അന്ന് മമ്മൂക്കയെ കാണാനായി ഒറ്റപ്പാലം ടി.ബിയില്‍ ചെന്നു. അന്ന് മമ്മൂക്കയോട് എന്തൊക്കെ സംസാരിക്കണം എന്നൊക്കെ പ്ലാന്‍ ചെയ്തു. ഹായ് അങ്കിള്‍, എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ കുറെ പ്രിപ്പയര്‍ ചെയ്താണ് പോയത്.
അന്ന് വാത്സല്യത്തിന്റെ ഷൂട്ടാണ് നടക്കുന്നത്. മമ്മൂക്ക അകത്തിരിക്കുന്നത് എനിക്ക് കാണാം. പക്ഷേ വാതില്‍ കടന്ന് അകത്തേക്ക് കടന്നുപോകാനുള്ള ധൈര്യം ഉണ്ടായില്ല. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി, അങ്കിളുമില്ല, ഓടിച്ചെന്ന് കെട്ടിപ്പിടിക്കലുമില്ല, ഉമ്മവെക്കലുമില്ല, ഒന്നുമില്ല,’ ഷൈന്‍ ഇത് പറഞ്ഞുകഴിഞ്ഞയുടന്‍ മമ്മൂട്ടി വന്നു കെട്ടിപ്പിടിക്കുകയായിരുന്നു.
ഞാന്‍ വിചാരിച്ചതാ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണമെന്ന്. പക്ഷേ നിന്ന നില്പ്പിന് അങ്ങ് മരവിച്ച് പോവാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്, ഷൈന്‍ പറഞ്ഞു. ജോര്‍ജ് കൊട്ടാരക്കന് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ക്രിസ്റ്റഫറില്‍ ഷൈന്‍ എത്തുന്നത്.
ഫെബ്രുവരി ഒമ്പതിനാണ് ക്രിസ്റ്റഫര്‍ തിയേറ്ററുകളില്‍ എത്തുന്നത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്.
സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വിനയ് റായി, ദിലീഷ് പോത്തന്, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Mammootty said that he and Mohanlal used to send letters to each other during the shooting of Vatsalyaam