വാലിബന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡ്; ആവേശമേറ്റി മമ്മൂട്ടിയുടെ ട്വീറ്റ്
Film News
വാലിബന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡ്; ആവേശമേറ്റി മമ്മൂട്ടിയുടെ ട്വീറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th April 2023, 7:25 pm

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ട്‌കെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ അടുത്ത സൂപ്പര്‍ താര ചിത്രത്തിന്റെ അപ്‌ഡേറ്റും എത്തിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്റ് ലുക്ക് ഏപ്രില്‍ 15 വിഷുദിനത്തില്‍ പുറത്ത് വരും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ശനിയാഴ്ച് വൈകിട്ട് ആറ് മണിക്കാണ് സെക്കന്റ് ലുക്ക് പുറത്ത് വിടുന്നത്.

ക്ലോസപ്പിലുള്ള മമ്മൂട്ടിയുടെ മുഖവും ഒപ്പം ജീപ്പ് ലൈറ്റിന്റെ ബാക്ക്ഗ്രൗണ്ടില്‍ നാല് പേര്‍ നടക്കുന്നതുമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുക്കിയ പോസ്റ്ററില്‍ കണ്ടത്. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെയും വേഫാറര്‍ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണിത്. മുംബൈ, പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

Content Highlight: mammootty’s tweet on kannur squad second look poster