ടര്‍ബോ ജോസല്ല, ഇത് ട്രെന്‍ഡിങ്ങ് ജോസ്; യൂട്യൂബും തൂക്കിയടിച്ച് മമ്മൂക്കയും പിള്ളേരും
Entertainment
ടര്‍ബോ ജോസല്ല, ഇത് ട്രെന്‍ഡിങ്ങ് ജോസ്; യൂട്യൂബും തൂക്കിയടിച്ച് മമ്മൂക്കയും പിള്ളേരും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 12:23 pm

മലയാളികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ടര്‍ബോ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

ചിത്രത്തിന് ടീസറോ ട്രെയ്‌ലറോ മറ്റ് പ്രൊമോഷനോ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാല്‍ അസ്വസ്ഥരായ ആരാധകരെ ആവേശത്തിലാക്കിയ ട്രെയ്‌ലര്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചായിരുന്നു ട്രെയ്ലര്‍ റിലീസ് ചെയ്തത്.

ഈ മാസ് എന്റര്‍ടൈനര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് പേജിലൂടെയായിരുന്നു റിലീസ് ചെയ്തത്. രാത്രി ഒമ്പത് മണിക്ക് ട്രെയ്‌ലറെത്തി വെറും 90 മിനിറ്റ് കൊണ്ട് അത് കണ്ടത് ഒരു മില്യണ്‍ ആളുകളായിരുന്നു. 12 മണിക്കൂറായതോടെ 2.3 മില്യണ്‍ ആളുകളാണ് ടര്‍ബോയുടെ ട്രെയ്‌ലര്‍ കണ്ടത്. 14 മണിക്കൂറായതോടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി.


ഇതിനിടയില്‍ കഴിഞ്ഞ ദിവസം ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ രണ്ടാംസ്ഥാനം ടര്‍ബോ സ്വന്തമാക്കിയിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ ‘ഇന്ത്യന്‍ 2’, രാജ്കുമാര്‍ റാവുവിന്റെ ‘ശ്രീകാന്ത്’ തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയായിരുന്നു ‘ടര്‍ബോ’ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്നത്.

വലിയ ബജറ്റിലെത്തുന്ന ചിത്രം മെയ് 23നാണ് റിലീസിന് എത്തുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ടര്‍ബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അഭിനയിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു ശര്‍മ, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്ങ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍.

കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍. കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: വിഷ്ണു സുഗതന്‍, പി.ആര്‍.ഒ: ശബരി.

Content Highlight: Mammootty’s Turbo Trailer On Youtube Trending