മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ടര്‍ബോ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഇത്. വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്.
ഈ മാസ് എന്റര്‍ടൈനര്‍ ചിത്രത്തിന്റെ ടീസറോ ട്രെയ്ലറോ മറ്റ് പ്രൊമോഷനോയൊന്നും തന്നെയില്ലാത്തതിനാല്‍ ആരാധകരില്‍ ഭൂരിഭാഗം പേരും അസ്വസ്ഥരായിരുന്നു. സംവിധായകന്റെ പോസ്റ്റിന് താഴെയും മറ്റും ആരാധകര്‍ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും മറ്റും ആവശ്യപ്പെട്ട് കമന്റുകളിടുന്നത് പതിവ് കാഴ്ച്ചയായിരുന്നു.
പിന്നാലെ താന്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഉടനെ പുറത്തുവിടുമെന്ന് മമ്മൂട്ടി തന്നെ അറിയിച്ചിരുന്നു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച് ടര്‍ബോയുടെ ട്രെയ്ലര്‍ പുറത്തുവന്നു. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന ട്രെയ്ലര്‍ തന്നെയാണ് പുറത്തുവന്നത്.
ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. വലിയ ബജറ്റിലെത്തുന്ന ചിത്രം മെയ് 23നാണ് റിലീസിന് എത്തുന്നത്.
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ടര്‍ബോ’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അഭിനയിക്കുന്നത്.