Entertainment news
ചെറുതായിട്ട് കല്യാണം കഴിച്ചു; ഇനി വലുതായിട്ട് എപ്പോഴാണ്; ഇന്റര്‍വ്യൂവിനിടയില്‍ തഗ്ഗടിച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 22, 09:22 am
Wednesday, 22nd November 2023, 2:52 pm

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി ഒരുക്കുന്ന പുതിയ സിനിമയാണ് കാതല്‍ ദി കോര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ കാതല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എപ്പോഴും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രമൊരുക്കുന്നത്.

കാതല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി സില്ലി മോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ അവതാരികയോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മമ്മൂട്ടി കഥാപാത്രം ജ്യോതികയോട് താന്‍ ആരോടും അധികം സംസാരിക്കുന്ന ഒരാളല്ല എന്നാണ് പറയുന്നത്. ഒപ്പം കല്യാണം കഴിഞ്ഞിട്ട് പത്തിരുപത് വര്‍ഷമായില്ലേയെന്നും ഇനിയിപ്പോള്‍ എന്താണ് ഒരുപാട് സംസാരിക്കാന്‍ ഉള്ളത് എന്നും ചോദിക്കുന്നുണ്ട്.

ഇതിനെ പറ്റിയായിരുന്നു അവതാരിക മമ്മൂട്ടിയോട് ചോദിച്ചത്. സിനിമയുടെ ട്രെയ്‌ലറിന്റെ അവസാനം പറയുന്ന ഈ ഡയലോഗ് കേട്ടപ്പോള്‍ തനിക്ക് ആകെ പേടിയായി എന്ന് അവതാരിക പറഞ്ഞു.

ഉടനെ മമ്മൂട്ടിയുടെ ചോദ്യം കല്യാണം കഴിച്ചതാണോ എന്നതായിരുന്നു. അതിന് മറുപടിയായി ചെറുതായിട്ട് കഴിച്ചു എന്നാണ് അവതാരിക മറുപടി നല്‍കിയത്. അതുകേട്ടതും മമ്മൂട്ടി ചിരിച്ചു കൊണ്ട് ഇനി വലുതായിട്ട് എപ്പോഴാണ് എന്ന് ചോദിക്കുകയായിരുന്നു.

തന്റെ ഭര്‍ത്താവ് ഇവിടെയുണ്ടെന്നും കല്യാണം കഴിഞ്ഞ വ്യക്തിയെന്ന നിലയില്‍ തനിക്ക് ട്രെയ്‌ലറിന്റെ അവസാനം പറയുന്ന ആ ഡയലോഗ് കേട്ടപ്പോള്‍ പേടി തോന്നിയെന്നും അവര്‍ മറുപടി പറഞ്ഞു.

പേടിക്കേണ്ടെന്ന് പറഞ്ഞ മമ്മൂട്ടി അവതാരികയുടെ ഭര്‍ത്താവിനെ അന്വേഷിക്കുകയും എന്നും രാവിലെ ഒരു മണിക്കൂര്‍ ഭാര്യയോട് സംസാരിക്കണമെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുകയും ചെയ്തു.

പിന്നെ അവതാരികയോട് പേടിക്കണ്ട കുഴപ്പമില്ല എല്ലാം താന്‍ സെറ്റ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഉടനെ മമ്മൂട്ടിയോട് ആ ഡയലോഗ് കേട്ടപ്പോള്‍ പേടി തോന്നിയില്ലേ എന്ന് അവതാരിക ചോദിച്ചു.

‘ഞാന്‍ പത്ത് നാല്‍പത് കൊല്ലമായില്ലേ കല്യാണം കഴിച്ചിട്ട്. ഇനിയിപ്പോള്‍ എന്ത് സംസാരിക്കാനാണ് (ചിരി). ഞങ്ങള്‍ എന്നും സംസാരിക്കും. ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ രണ്ടുപേരും മാത്രമല്ലേയുള്ളൂ. വേറെയാരും സംസാരിക്കാനില്ലല്ലോ,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty’s Thug Reply In Interview