53 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന നടനാണ് മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ചെറിയൊരു കടത്തുകാരനായി അഭിനയജീവിതം ആരംഭിച്ച മമ്മൂട്ടി ഇന്ന് മലയാളസിനിമയുടെ നെടുംതൂണാണ്. 73ാം വയസിലും ഓരോ സിനിമയിലും വ്യത്യസ്തത പുലര്‍ത്തുന്ന മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളില്ല. അടുത്തിടെ സീ കേരളം ചാനല്‍ നടത്തിയ അവാര്‍ഡ് ഷോയ്ക്കിടെ മമ്മൂട്ടി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ജനാര്‍ദനനെക്കുറിച്ച് വികാരഭരിതനായാണ് മമ്മൂട്ടി പ്രസംഗിച്ചത്. തന്റെ നാട്ടുകാരനാണ് ജനാര്‍ദനനെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയിലെത്തിയ സമയത്ത് തനിക്ക് ഈ മേഖലയില്‍ പരിചയമുണ്ടായിരുന്ന ഒരേയൊരാള്‍ ജനാര്‍ദനനായിരുന്നെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. താന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ സമയത്ത് ജനാര്‍ദനന്‍ വലിയ നടനായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞു.
ആ സമയത്ത് താന്‍ അദ്ദേഹത്തിന്റെ പരിചയക്കാരനാണെന്നും എന്റെ നാട്ടുകാരനാണെന്നും പലരോടും പറഞ്ഞിരുന്നെന്നും തന്നെപ്പോലൊരു പുതുമുഖത്തിന് അത് വലിയൊരു അംഗീകാരമായിരുന്നെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അര്‍ഹിക്കുന്ന അവാര്‍ഡുകള്‍ പലപ്പോഴും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നും തനിക്കതില്‍ വിഷമമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
‘ജനാര്‍ദനന്‍ ചേട്ടന്‍ എന്റെ സിനിമാജീവിതത്തില്‍ വലിയൊരു സ്വാധീനം ഉണ്ടാക്കിയ ആളാണ്. അദ്ദേഹം എന്റെ നാട്ടുകാരനാണ്, എന്നെക്കാള്‍ മുമ്പ് സിനിമയിലെത്തിയ ആളാണ്. ആ സമയത്ത് എനിക്ക് സിനിമയില്‍ പരിചയമുള്ള വളരെ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. എന്നെ പരിചയമുള്ള ഒരാള്‍ ജനാര്‍ദനന്‍ ചേട്ടന്‍ മാത്രമായിരുന്നു. ‘മമ്മൂട്ടി എന്റെ നാട്ടുകാരനാണ്’ എന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം വളരെ തിരക്കുള്ള നടനായിരുന്നു. എന്നെപ്പോലൊരു പുതുമുഖത്തിന് അത് വലിയൊരു അവാര്‍ഡായിരുന്നു.
ഈ അവാര്‍ഡ് ഷോയ്ക്ക് വന്നപ്പോള്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദനന്‍ ചേട്ടനാണെന്ന് അറിഞ്ഞു. പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്, ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ല എന്ന്. പല ഷോയിലും ഞാന്‍ അക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഈ ചടങ്ങില്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ വളരെയധികം സന്തോഷം തോന്നി,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty’s speech about Janardanan going viral