| Monday, 16th January 2023, 2:46 pm

ഇതുപോലൊക്കെ ആര് ചെയ്തുതരും: വൈറലായി മമ്മൂട്ടിയുടെ സെല്‍ഫി വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം നന്‍ പകല്‍ നേരത്ത് മയക്കം റിലീസിനൊരുങ്ങുകയാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി മമ്മൂട്ടി ആദ്യമായി കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് നന്‍ പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 19നാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയും മറ്റ് അണിയറ പ്രവര്‍ത്തകരും തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടിരുന്നു. പ്രസ് മീറ്റിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മമ്മൂട്ടി എടുത്ത സെല്‍ഫി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെയാണ് തങ്ങള്‍ക്കൊപ്പം ഒരു സെല്‍ഫി എടുക്കുമോ എന്ന് മമ്മൂട്ടിയോട് ചോദിച്ചത്. ഉടന്‍ തന്നെ സീറ്റില്‍ നിന്നും എഴുന്നേറ്റ് വന്ന മമ്മൂട്ടി മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫി വീഡിയോ എടുത്തു.

വീഡിയോ എടുക്കുന്നതിനിടയില്‍ ഇതുപോലൊക്കെ ആര് ചെയ്തുതരുമെന്നാണ് മമ്മൂട്ടി ചോദിച്ചത്. ഇത് കേട്ട് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

സിനിമയുടെ വിജയാഘോഷങ്ങളിലൊന്നും എന്തുകൊണ്ടാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്താത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും മമ്മൂട്ടി മറുപടി പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നവര്‍ പോലും നൂറ് പേരില്ലെന്നും എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ നൂറ് പേരെങ്കിലും കാണുമെന്നും അത്രയും ആളുകളെ താങ്ങാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.

‘വിജയാഘോഷങ്ങളൊക്കെ അപൂര്‍വമായി സംഭവിക്കുന്ന കാര്യങ്ങളാണ്. സിനിമയില്‍ ഭാഗമായിട്ടുള്ള പ്രവര്‍ത്തകരെയാണ് പൊതുവെ വിജയാഘോഷങ്ങളില്‍ വിളിക്കുന്നത്. പിന്നെ എല്ലാവരെയും കൂടി വിളിക്കാനുള്ള വകുപ്പ് ഉണ്ടാകാറില്ല എന്നതാണ് സത്യം. അതുപോലെ സമയം ക്രമീകരിക്കണം അതിനുള്ള സൗകര്യം ഒരുക്കണം അത്തരത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്.

നിങ്ങള്‍ എല്ലാവരും കൂടി തീരുമാനിച്ച് ഒരു പ്രസിഡന്റിനെയും സെക്രട്ടറിയെയും അങ്ങോട്ടേക്ക് വിട്. എല്ലവരേയും ഒരുമിച്ച് എന്തായാലും വിളിക്കാന്‍ പറ്റില്ലല്ലോ. അല്ലാതെ ഒരാളെ വിളിച്ച് മറ്റൊരാളെ വിളിക്കാതിരുന്നാല്‍ അതും പ്രശ്നമല്ലേ. നിങ്ങള്‍ എത്ര പേരായിരിക്കും വരുന്നത്(മാധ്യമ പ്രവര്‍ത്തകരോട്). നൂറോളം പേര് ഒരുമിച്ച് വരുന്നതൊന്നും നടക്കുന്ന കാര്യമല്ല.

നൂറ് പേര്‍ ആ സിനിമയില്‍ പോലും കാണില്ല. അതിന്റെ കൂടെ ഒരു നൂറ് പേരെ പുറത്ത് നിന്ന് വിളിക്കാന്‍ പോയാല്‍ എന്തായിരിക്കും അവസ്ഥ. ഞാന്‍ പറയുന്നത് നിങ്ങളൊരു പ്രതിനിധിയെ തെരഞ്ഞെടുത്ത് അത്തരം പരിപാടിക്ക് അയക്ക്. അപ്പോള്‍ നമുക്കൊരു സഹകരണവുമാകും. ഇതിന്റെ ചെലവും കാര്യങ്ങളുമൊക്കെ നമുക്ക് താങ്ങാന്‍ കഴിയണമല്ലോ,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: mammootty’s selfie with media persons became viral

Latest Stories

We use cookies to give you the best possible experience. Learn more