കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ശബരീഷും തിരക്കഥാകൃത്ത് ഷാഫിയും.
മഹാരാഷ്ട്രയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ മമ്മൂക്കയെ കാണാന്‍ വന്ന ഗ്യാങ്‌സറ്റര്‍ നേതാക്കളെ കുറിച്ചാണ് മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് സംസാരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം സെല്‍ഫിയെടുക്കണമെന്ന് പറഞ്ഞ് വന്നവരെ സെക്യൂരിറ്റി തടഞ്ഞെന്നും നോക്കുമ്പോള്‍ അവരുടെ അരയില്‍ തോക്കൊക്കെ ഇരിപ്പുണ്ടായിരുന്നു എന്നുമാണ് അസീസ് പറയുന്നത്.
അംബേദ്ക്കര്‍ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചതുകൊണ്ട് അവിടുത്തുകാരുടെ മനസില്‍ മമ്മൂട്ടി അംബേദ്ക്കറാണെന്നും അംബേദ്ക്കര്‍ എന്ന് വിളിച്ച് പലരും മമ്മൂക്കയെ തൊഴുകൈയോടെയാണ് നോക്കിനിന്നതെന്നും അസീസ് നെടുമങ്ങാട് പറഞ്ഞു.
‘അംബേദ്ക്കര്‍ എന്നാണ് അവര്‍ വിളിക്കുന്നത്. മമ്മൂക്കയെ അവര്‍ തൊഴുകയായിരുന്നു. പൂനെയില്‍ രണ്ട് മൂന്ന് പേര്‍ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ സെക്യൂരിറ്റി അവരെ തടഞ്ഞു. ക്യാ ഭായ് എന്ന് ചോദിച്ച് അവര്‍ ഇങ്ങനെ നില്‍ക്കുകയാണ്. നോക്കുമ്പോള്‍ അവര്‍ അരയില്‍ നിന്നുള്ള തോക്ക് കാണിച്ചു.
മലയാളി സെക്യൂരിറ്റിയാണ്. ചേട്ടാ ആകെ പ്രശ്‌നമാണല്ലോ എന്ന് പറഞ്ഞു പുള്ളി. പിന്നെ പൊലീസ് വരുന്നു. ഷൂട്ട് നില്‍ക്കുന്നു. അവിടുത്തെ കിടിലന്‍ റൗഡികളാണ് ഇവര്‍. ഞാനൊക്കെ ഓടി. അവര്‍ക്ക് മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കണം. സാര്‍ ഒരു ഫോട്ടോ സാര്‍എന്ന് പറഞ്ഞു. അങ്ങനെ മമ്മൂക്ക ഇറങ്ങി വന്നു. അവര്‍ക്കൊപ്പം ഫോട്ടോയെടുത്തു.
ഒരു സ്ട്രീറ്റില്‍ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കവേ തന്നെ തട്ടിമാറ്റി മമ്മൂട്ടിയുടെ അടുത്തേക്ക് ഓടിയടുത്ത ഒരു മൊല്ലാക്കയെ കുറിച്ച് പറയുകയായിരുന്നു ഇതോടെ തിരക്കഥാകൃത്തായ ഷാഫി.
സ്ട്രീറ്റില്‍ ഷൂട്ട് നടക്കുകയാണ്. നല്ല തിരക്കുള്ള സ്ട്രീറ്റാണ്. അവിടെ ആളുകളെ കണ്‍ട്രോള്‍ ചെയ്ത് ഷൂട്ട് തുടരുകയാണ്. അവിടെ ചെറിയ കട നടത്തുന്ന ഒരു മൊല്ലാക്കയുണ്ട്. ഞാന്‍ ഇയാളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഏത് പടമാണെന്ന് ചോദിച്ചു. മലയാളം പടമാണെന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി അത്ര മൈന്‍ഡ് ചെയ്തില്ല.
അങ്ങനെ മമ്മൂട്ടി സാറിങ്ങനെ നടന്നുവരുമ്പോള്‍ പുള്ളിക്കാരന് ഒരു ഞെട്ടലാണ്. പുള്ളി ഫോണില്‍ ‘ഉണ്ട’ സിനിമ കണ്ടോണ്ടിരിക്കുകയാണ്. സാബ് എന്ന് പറഞ്ഞ് എന്നെയൊക്കെ തട്ടിമാറി മമ്മൂക്കയുടെ അടുത്തേക്ക് ഓടി.
മമ്മൂക്കയാണെങ്കില്‍ കോസ്റ്റിയൂമിലാണ്. അവസാനം കോസ്റ്റിയൂമൊക്കെ മാറ്റി മമ്മൂക്ക അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുത്തു. സാര്‍ ഞങ്ങള്‍ 400 കിലോമീറ്റര്‍ അപ്പുറത്തുനിന്നാണെന്നൊക്കെ പറഞ്ഞ് ആളുകള്‍ വരും. പിന്നെ ഒരു രക്ഷയുമില്ല. മമ്മൂക്ക പോയി കോസ്റ്റിയൂം മാറ്റി അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കും.
പൂനെയിലെ ഉള്‍പ്രദേശത്തായി ഷൂട്ട് നടക്കുകയാണ്. അവിടെ ഒരു ചെറിയ കുട്ടി. പുള്ളിക്കാരി എല്ലാ ദിവസവും സ്‌കൂളില്‍ പോവും. കൂട്ടത്തില്‍ കുറേ ചെറിയ പിള്ളേരൊക്കെയുണ്ട്. ഒരു ദിവസം ഞങ്ങളോട് ക്യാ ഷൂട്ടിങ് എന്ന് ചോദിച്ചു. മലയാളം സിനിമയാണെന്ന് ഞാന്‍ പറഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പയ്യന്‍ ഫോണുമായി വന്നു. അവന്റെ ചേച്ചിയേയും കൂട്ടിയാണ് വരവ്. ഇന്ന് അവര്‍ സ്‌കൂളില്‍ പോയില്ലെന്നും ഫോട്ടോ എടുക്കണമെന്നുമായിരുന്നു ആവശ്യം. വയ്യാത്ത അച്ഛനേയും കൂട്ടിയാണ് വരവ്. കുട്ടികള്‍ രാവിലെ സ്‌കൂളില്‍ പോയില്ലെന്ന് പറഞ്ഞു. ഇക്കാര്യം മമ്മൂക്കയോട് പോയി പറഞ്ഞു. സാറ് കോസ്റ്റിയൂമില്‍ തന്നെയുള്ള ഒരു ഫോട്ടോ എനിക്ക് ഫോട്ടോ അയച്ചു തന്നു. ഇത് ദിവസേന സംഭവിക്കും. മമ്മൂക്ക ഒരു എക്‌സ്ട്രാ ഷര്‍ട്ട് കൊണ്ടാണ് നടക്കുക, ഷാഫി പറഞ്ഞു.
Content Highlight: Mammootty s Selfie with gangsters